കോഴിക്കോട്: കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 40.68 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കും. പദ്ധതിക്ക് മൊത്തം 200 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 153 ഏക്കര്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. ഭാവി വികസനം കൂടി മുന്നില്‍ കണ്ട് 250 ഏക്കര്‍ ഭൂമി മൊത്തം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കാറ്റാടി, ഏഴുകണ്ടി, കൊയലാട്ട്മുക്ക്, കുറുമ്പൊയില്‍, പാത്തന്‍വീട്, പയറ്റുകാല എന്നിവിടങ്ങളിലെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
ഭൂമി ഏറ്റെടുക്കുമ്പോള്‍ 175 കുടുംബങ്ങളെയും അവരുടെ ആശ്രിതരെയും ബാധിക്കും. 803 വ്യക്തികളെയാണ് നേരിട്ട് ബാധിക്കുക. 80 വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെടുമെന്ന് സാമൂഹികാഘാത പഠനത്തില്‍ പറയുന്നു. ഏഴ് കെട്ടിടങ്ങളും 96 കിണറുകളും മൂന്ന് പൈപ്പ്ലൈനും മൂന്ന് കുളങ്ങളും ഏറ്റെടുക്കേണ്ട പ്രദേശത്തുണ്ട്.
സാമൂഹികാഘാത പഠത്തിലുള്ള പൊതു ചര്‍ച്ച 29ന് നടക്കും. കണ്ണൂര്‍ ഇരിട്ടി ഡോണ്‍ബോസ്‌കോ കോളജാണ് പഠനം നടത്തിയത്. എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം കിനാലൂര്‍ ആണെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും കുറഞ്ഞ ആഘാതം മാത്രമെ പദ്ധതി കൊണ്ട് ഉണ്ടാവുന്നുള്ളു എന്നാണ് കണ്ടെത്തല്‍.