കോഴിക്കോട് :എന്‍.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. എന്‍.ഐ.ടി ബോര്‍ഡ് ഓഫീസില്‍ പി.ടി.എ റഹീം എം.എല്‍.എ യുടെ നേതൃത്വത്തില്‍ എന്‍.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്.
മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡ്, ആര്‍.ഇ.സി മലയമ്മ കൂടത്തായി റോഡ്, എന്‍.ഐ.ടി വെങ്ങേരിമഠം ചെട്ടിക്കടവ് റോഡ്, എന്‍.ഐ.ടി റിംഗ് റോഡ്, എന്‍.ഐ.ടി സബ്‌സ്റ്റേഷന്‍, കുളിമാട് എന്‍.ഐ.ടി പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, എന്‍.ഐ.ടി അണ്ടര്‍ പാസ്സ് തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. പ്രവൃത്തികള്‍ നടത്തുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചു. ട്രാഫിക് തടസ്സത്തിന് ഇടയാക്കുന്ന കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും എന്‍.ഐ.ടി ക്യാമ്പസിലെ പന്നി ശല്യം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും പുതുതായി സ്ഥാപിക്കുന്ന സബ് സ്റ്റേഷനില്‍ നിന്നുള്ള രണ്ട് ഫീഡറുകള്‍ കെ.എസ്.ഇ.ബി കൊടുവള്ളി സെക്ഷന്‍ പരിധിയിലേക്ക് നീട്ടുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് സതീദേവി, ഡീന്‍ എം.എ നസീര്‍, അസോസിയേറ്റ് ഡീന്‍മാരായ ഡി സതീഷ് കുമാര്‍, ടി.എസ് അനന്ത സിംഗ്, ഇലക്ട്രിക്കല്‍ വിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടോമിന്‍ സണ്ണി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.