സുധാ മേനോന്‍
ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു കളഞ്ഞ 70 കെ.എസ്.ആര്‍.ടി.സി ബസ്സുകളും, കടകളും, സ്വകാര്യവാഹനങ്ങളും, വ്യാപകമായ അക്രമവും മാത്രമാണോ?
അല്ല. ഈ ഹര്‍ത്താലിന്റെ ഏറ്റവും അപകടകരമായ ബാക്കിപത്രം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടുന്ന വീഡിയോകള്‍ ഉത്തരേന്ത്യയില്‍ ഉണ്ടാക്കുന്ന ഭീതിദമായ വര്‍ഗീയ ധ്രുവീകരണമാണ്.
കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഉള്ള വിദ്യാഭ്യാസമോ, തൊഴില്‍ സാധ്യതയോ, സാമൂഹ്യഅംഗീകാരമോ അവകാശപ്പെടാന്‍ ഇല്ലാത്ത സാധുക്കളായ ഉത്തരേന്ത്യന്‍ മുസ്ലിങ്ങള്‍ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെടാന്‍ ഉള്ള സാധ്യതയാണ് ഈ ഹര്‍ത്താലിന്റെ അപകടകരമായ ഉപോല്പന്നം.
ഹര്‍ത്താല്‍ നടത്തിയത് കേരളത്തില്‍ മാത്രമാണ്. മുസ്ലിങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടാത്ത കേരളത്തില്‍. ഇപ്പോഴും മുസ്ലിങ്ങള്‍ പ്രബലമായ രാഷ്ട്രീയസാമൂഹ്യശക്തിയായ കേരളത്തില്‍. യുപിയിലെയും,ഗുജറാത്തിലെയും, ബിഹാറിലെയും ഒക്കെ സാധുക്കളായ മുസ്ലിങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടുപോലുമില്ല. ഇന്നും പതിവുപോലെ ഓട്ടോറിക്ഷ ഓടിച്ചും, റോഡരികില്‍ കച്ചവടം നടത്തിയും ഒക്കെ അന്നന്നത്തെ അന്നം കണ്ടെത്താന്‍ അധ്വാനിക്കുകയായിരുന്നു അവര്‍.
പക്ഷെ, പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആക്രമങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയെമ്പാടും ഉള്ള കോടിക്കണക്കിനു മനുഷ്യരില്‍ എത്തിയിട്ടുണ്ടാകും. അവര്‍ സംശയത്തോടെ നോക്കുന്നത് ഈ സാധുക്കളെ കൂടിയാണ്. അവരുടെ സമാധാനജീവിതത്തെകൂടിയാണ് ഏതാനും ചിലര്‍ ചേര്‍ന്ന് അപകടത്തിലേക്ക് തള്ളിവിടുന്നത്.
ഇസ്ലാമോഫോബിയക്ക് വേരു പടര്‍ത്താന്‍ ഭൂരിപക്ഷ- ന്യുനപക്ഷ മതാത്മക വര്‍ഗീയതകള്‍ക്കു ഒരുപോലെ സാധിക്കുന്നുണ്ട്. രണ്ടുകൂട്ടരുടെയും സംഭാവന അതിലുണ്ട്. അനുഭവിക്കുന്നത് ഒരു പ്രിവിലേജുമില്ലാത്ത സാധുക്കളായ മനുഷ്യരും. രക്ഷകര്‍ എന്ന് പറഞ്ഞുകൊണ്ട് വരുന്നവര്‍ ആരെയാണ് രക്ഷിക്കുന്നത് എന്ന് ആത്മപരിശോധന നടത്തിനോക്കൂ.
ഭൂരിപക്ഷവംശീയരാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കുറുക്കുവഴികള്‍ ഇല്ല. ഒരൊറ്റ നേര്‍വഴി മാത്രമേ ഉള്ളൂ- ഭരണഘടനാധാര്‍മികതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ മതേതരജനായത്ത രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ സമകാലികപ്രസക്തിയാണ് സിദ്ദിഖ് കാപ്പന് ജാമ്യം നിന്ന രൂപ് രേഖാ വര്‍മ്മ നമുക്ക് സൗമ്യമായി കാട്ടിത്തരുന്നത്. ചേര്‍ത്തു നിര്‍ത്തലിന്റെ രാഷ്ട്രീയം. അതാണ് നമുക്ക് ആവശ്യം. അല്ലാതെ പ്രതിരോധം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഭീകരവാദത്തിന്റെ വഴിയല്ല.