ന്യൂഡല്‍ഹി:ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി) ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്കിടെ, എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് ്രൈപവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച്) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവച്ചു.
നവംബര്‍ 29 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. പ്രണോയ് റോയ് എന്‍ഡിടിവി ചെയര്‍പഴ്സനും രാധിക റോയ് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
അതേസമയം, സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അനുമതി നല്‍കി.
എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍എച്ചിന് എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിനു പുറമേ വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.