നിയമസഭാ സ്പീക്കര്‍ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് എം.ബി രാജേഷ് ഡെ്പ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് കൈമാറുന്നു
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനു കൈമാറി. എം.വി ഗോവിന്ദന് സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എം.ബി രാജേഷിനെയാണ് പകരം മന്ത്രിയായി തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ പദവി രാജിവച്ചത്.
രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ അംഗീകരിച്ചു വിജ്ഞാപനം ഇറക്കണം. എം.ബി.രാജേഷ് ആറിനു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ 11 മണിക്കാണ് ചടങ്ങ്. എ.എന്‍.ഷംസീറിനെ സ്പീക്കറായി പാര്‍ട്ടി തിരഞ്ഞെടുത്തെങ്കിലും നിയമസഭ ചേര്‍ന്ന് ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓണത്തിനുശേഷം ഒരു ദിവസം സഭ ചേര്‍ന്ന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനാണ് സാധ്യത.