കുന്ദമംഗലം: കിഴക്കുദിച്ച് കിഴക്ക് തന്നെ അസ്തമിച്ചുപോകുന്ന കാക്കത്തൊളളായിരം സംഘടനകള്‍ക്കിടയില്‍, കിഴക്കുദിച്ച് നട്ടുച്ചയിലെത്തി കത്തിനില്‍ക്കുന്ന പ്രകാശഗോപുരമാണ് മുസ്്ലിംലീഗെന്ന്, മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ സംവിധാനത്തിലൂടെ അംഗത്വദൗത്യം പൂര്‍ത്തീകരിച്ച ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം മണ്ഡലം മുസ്്ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്്ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് പ്രചരിപ്പിക്കുന്നവര്‍, ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ അത് തിരുത്തുകയാണ്. പ്രലോഭന ലേശമെന്യേ മുസ്്ലിം ലീഗിന്റെ പേരില്‍ നിന്ന് ‘വര്‍ഗീയത’ മാറ്റുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാലത്തിന്റെ ചുമരെഴുത്ത് വായിച്ചത് ഇപ്പോഴാണെന്നും ഇന്ത്യയുടെ പാര്‍ലമെന്റില്‍ ലീഗ്, സ്വാതന്ത്ര്യാനന്തരം ആദ്യനാളുകളില്‍ തന്നെ ഉണ്ടായിരുന്നുവെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. മൂസമൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. ടി.പി ചെറൂപ്പ എഡിറ്റ് ചെയ്ത, കെ. അബൂബക്കര്‍ മൗലവിയുടെ ഓര്‍മപ്പുസ്തകത്തിന്റെ പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു. മുസ്്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.