കോഴിക്കോട്: സൂഫി അക്കാദമി കോഴിക്കോടിന്റെ അധ്യാത്മജ്ഞാന വിദ്യാഭ്യാസ സംരംഭമായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മുഹ്യിദ്ദീന്‍ ഇബ്നുഅറബി തോട്ട്സി(ഐ.ഐ.ഐ.എ.ടി)ന്റെ കോഴ്സുകളുടെ ഉദ്ഘാടനം സുല്‍ത്വാനിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് നിര്‍വഹിച്ചു. കോഴിക്കോട് മറീന റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ശ്രീരാമകൃഷ്ണ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ വൈബ്സൈറ്റ് ലോഞ്ചിങ്് നിര്‍വഹിച്ചു.
എല്ലാവിധ അധ്യാത്മജ്ഞാനങ്ങളുടെയും പരമതലത്തിലൂടെ കടന്നുപോയ മുഹ്യിദ്ദീന്‍ ഇബ്നുഅറബിയുടെ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ ആഗോളതലത്തില്‍ പഠനവിധേയമാക്കാന്‍ സംവിധാനങ്ങളൊരുങ്ങണമെന്ന്് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു. ജാതി മത ചിന്തകളും മാത്സര്യങ്ങളും മാറ്റിവെച്ച് വ്യക്തികള്‍ക്ക്് സ്വന്തത്തെ അറിയാനും അനുഭവിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ തമ്മിലുള്ള വകതിരിവുകള്‍ മാറ്റിവെച്ച് ദൈവം എന്ന പരമസത്യത്തിനൊപ്പം നിലകൊള്ളല്‍ കാലത്തിന്റെ ആവശ്യകതയാണെന്ന് സ്വാമി നരസിംഹാനന്ദ പറഞ്ഞു. മതങ്ങള്‍ പ്രാണനില്ലാത്ത പരിഹാസ്യങ്ങളായി മാറിയിരിക്കുന്നു. ആചാര്യന്മാര്‍ കൈമാറിത്തന്ന ജ്ഞാനങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും പകര്‍ത്താനും സാധിക്കണം. ഇബ്നു അറബി പഠന കോഴ്സുകള്‍ ഈ നിലക്ക് മുതല്‍ക്കൂട്ടാകും. മതങ്ങളില്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ പോലും വ്യവസ്ഥാപിതമായ പഠനങ്ങള്‍ നിലനില്‍ക്കുന്നു. മുക്കുമൂലകളില്‍ മതമുള്ള നമ്മുടെ രാജ്യത്ത് അത്തരം പഠനങ്ങളുടെ പോരായ്മ തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുന്നുണ്ട്. ശാസ്ത്രീയമായ പഠനങ്ങള്‍ അതിനൊരു പരിഹാരമാകുമെന്നും സ്വാമി നരസിംഹാനന്ദ പറഞ്ഞു.
സൂഫീ സാഹിത്യകാരന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി മുഖ്യ പ്രഭാഷണം നടത്തി. തെറ്റിദ്ധാരണകളുടെ ലോകത്ത് പല കപട ധാരണകളെയും പൊളിച്ചെഴുതാന്‍ ഏറ്റവും നല്ല ആയുധം ഇബ്നു അറബിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബദ്ധ ധാരണകള്‍ പലതും അദ്ദേഹം പൊളിച്ചെഴുതി. ഗണിതശാസ്ത്രങ്ങളിലൂടെ പോലും ആത്മീയ വിജ്ഞാനങ്ങള്‍ പുറത്തെടുത്ത് ഇബ്നു അറബി അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മജീദ് ഗുരുക്കള്‍ എടവണ്ണപ്പാറ അധ്യക്ഷതവഹിച്ചു. സൂഫീ ഖവാല്‍ സമീര്‍ ബിന്‍സി, തിയോസഫിക്കല്‍ സൊസൈറ്റി വൈസ്പ്രസിഡന്റ് രാധാകൃഷ്ണന്‍ പാലക്കല്‍, പി.സി ജലീല്‍ മഹ്ബൂബി, നബീല്‍ മഹ്ബൂബി കുമ്പിടി, അമര്‍ സുല്‍ത്താനി സംസാരിച്ചു