റഹീമുദ്ദീൻ പി. കെ. (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)
ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ദിനമാണിന്ന്. ഈ വിഭാഗം നേരിടുന്ന വിവിധ തലത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അവരുടെ അന്തസ്സും സാമൂഹിക പങ്കാളിത്തവും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനു പിന്തുണ വർദ്ധിപ്പിക്കുക…എന്നതെല്ലാമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “പ്രാപ്യവും സുസ്ഥിരവും ഉൾക്കൊള്ളുന്ന ഒരു കോവിഡാനന്തര ലോകം സൃഷ്ടിക്കുന്നതിൽ ഭിന്ന ശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും” എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശമായി ചർച്ചക്കെടുക്കുന്നത്. കോവിഡാനന്തര കാലത്ത് ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ഉറപ്പു വരുത്തുന്നതിന് സമൂഹത്തിൻറെ വിവിധ മേഖലയിലെ ശാസ്ത്രീയ ഇടപെടലുകൾ അനിവാര്യമാണ്. ഈ വിഭാഗത്തിന് സമൂഹത്തിൽ തുല്യപങ്കാളിത്തം ലഭിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭിന്നശേഷി സൗഹൃദ സുസ്ഥിര കർമ്മ പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് മുഖ്യമായും നിർവഹിക്കപ്പെടേണ്ടത് .
ഭിന്ന ശേഷിക്കാരുടെ സമഗ്ര ഉന്നമനം ഉറപ്പു വരുത്തണമെങ്കിൽ ഇവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ജീവിതം, സാമ്പത്തികസ്ഥിരത എന്നിങ്ങനെയുള്ള മേഖലകളിലൊക്കെയും പദ്ധതികൾ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട് . പ്രത്യേകിച്ച് ഓരോ വൈകല്യങ്ങളുടെയും പ്രത്യേക അവസ്ഥ, ആവശ്യങ്ങൾ, വൈകല്യമുള്ള വ്യക്തിയുടെ പ്രായം, കുടുംബ- സാമൂഹിക സാഹചര്യം എന്നിവ കൃത്യമായി കണ്ടെത്തി അവരുടെ പരിമിതിയുടെ സവിശേഷ സ്വഭാവം അനുസരിച്ചുള്ള ചികിത്സാ- പുനരധിവാസ സേവനങ്ങൾ ആയിരിക്കണം ഉണ്ടാവേണ്ടത്. ഇവർക്ക് ആവശ്യമായ സേവനങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്പോൾ ഇനി പറയുന്ന സേവനങ്ങൾ സമയബന്ധിതമായി ചിട്ടയോടെ നല്കാനാവുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണ്. 1) വൈകല്യങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും ആവശ്യമായ നടപടികൾ, 2) ശാസ്ത്രീയവും സുസ്ഥിരവുമായ ചികിത്സാസ, അതാത് സമയത്ത് ലഭ്യമാക്കാനുള്ള കേന്ദ്രങ്ങൾ( പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ) , 3) ഇവരുടെ കഴിവിനും പരിമിതികൾക്കും സാമൂഹിക സാഹചര്യത്തിനും അനുയോജ്യമായ വിദ്യാഭ്യാസ സംവിധാനം, 4) പ്രായത്തിനനുസരിച്ചുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങൾ , 5) പരിശീലന ശേഷം സാമൂഹിക ഉള്‍ച്ചേര്‍ച്ച ഉറപ്പുവരുത്തുന്ന തരത്തിലുള്ള തൊഴിൽ അവസരങ്ങൾ, 6) ഇവരുടെ പരിമിതികൾ മറികടക്കാനുള്ള സഹായ ഉപകരണങ്ങളുടെ കാര്യക്ഷമവും സമയ ബന്ധിതവുമായ വിതരണം, 7) ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടുന്ന സ്കോളർഷിപ്പുകളുടെ വിതരണം. ഇതടക്കം സമൂഹത്തിൽ ഉള്‍ച്ചേര്‍ച്ചയുണ്ടാക്കുന്ന സമഗ്ര പദ്ധതികൾ. ഭിന്നശേഷി സൗഹൃദമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിനും അനിവാര്യമാണ്. അവരെ മനസ്സിലാക്കി ഉൾക്കൊള്ളുക, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാവുക, സാമൂഹിക ജീവിതത്തിൽ അവരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നുള്ളത് ആവശ്യമാണ്. ഇതിനാവശ്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അതോടൊപ്പം ഇവരുടെ രക്ഷിതാക്കൾക്കും അവരുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തേണ്ടതും അനിവാര്യമായ ഘടകമാണ്. ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ബാധ്യതയിൽ ഉപരി കടമയാണെന്ന ബോധ്യം നാം ഓരോരുത്തരിലും ഉണ്ടായേ പറ്റൂ. അത്തരമൊരു സ്വയം പ്രതിജ്ഞക്കു നിമിത്തമായെങ്കിൽ ഈ ദിവസം.