കോഴിക്കോട്: ഓര്‍മയില്‍ രുചി വളര്‍ത്തുന്ന മാമ്പഴങ്ങളുടെ പ്രദര്‍ശനത്തിന് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനവും വില്‍പനയും. കിലോക്ക് 60 രൂപ വിലയുള്ള മൂവാണ്ടന്‍ മുതല്‍ 180 രൂപ വിലയുള്ള ഹിമാപസന്ത് വരെ ഇവിടെ ലഭിക്കും. ഇരുപതിലേറെ ഇനം മാങ്ങകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. കൂടാതെ വിവിധയിനം മാവിന്‍തൈകളും ഇവിടെ നിന്ന് വാങ്ങാം. മല്ലിക, കാലാപ്പാടി, നീലം, സിന്ദൂരം, മല്‍ഗോവ തുടങ്ങിയ രാജകീയ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. കാഴ്ചയില്‍ സുന്ദരനായ സുവര്‍ണരേഖ, തോത്താപ്പുരി, കെ.ഡി.എസ് എന്നിവയും എത്തിയിട്ടുണ്ട്. ചന്ത്രക്കാരന്‍, കുറ്റിയാട്ടൂര്‍, അമ്രപാലി, രാജമാനു, കൊശ്ശേരി, കദാരിയ, വെള്ള കുളമ്പന്‍, സൂപ്പര്‍ക്യൂന്‍, ചാങ്ദി ഇനാങ്, റെഡ് ഡ്രാഗന്‍, ഹോങ്‌സിയയ, അമ്മിണി തുടങ്ങിയ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായുള്ള മാമ്പഴത്തീറ്റ മത്സരം ഞായറാഴ്ച നടക്കും.
മേള ഇന്നലെ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി ഗംഗാധരന്‍ അധ്യക്ഷനായി. തോമസ് മാത്യു, സെക്രട്ടറി അജിത് കുരീത്തടം, പി. സുന്ദര്‍ദാസ്, അഡ്വ. എം. രാജന്‍, ബി. ജയാനന്ദ്, കണ്‍വീനര്‍ സുന്ദര്‍രാജലു എന്നിവര്‍ പ്രസംഗിച്ചു. മാമ്പഴത്തിന്റെ ആദ്യവില്‍പന കട്ടയാട്ട് വേണുഗോപാല്‍ നിര്‍വഹിച്ചു. ഫലവൃക്ഷത്തൈകളുടെ വില്‍പന പുത്തൂര്‍മഠം ചന്ദ്രന് പ്ലാവിന്‍തൈ നല്‍കി തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.