കാസര്‍കോട്:ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇനി മുതല്‍ നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കാസര്‍കോട് വാഹനീയം പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളില്‍ ചിലര്‍ നികുതി കുറവുള്ള സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. കൊവിഡ് കാലത്ത് നിര്‍ത്തി വെച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ മാറുന്നതോടെ പുനരാരംഭിക്കാനാവും.. ആറ് മാസത്തിനുള്ളില്‍ പുതിയ ഇലക്ട്രിക്, ഡീസല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങും.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളുടെ യൂണിഫോം കളര്‍ കോഡ് സംബന്ധിച്ച് പരിശോധനകള്‍ തുടരും . വ്യത്യസ്തമായ നിറത്തില്‍ ഓടുന്ന ബസുകളെ റോഡിലിറങ്ങാന്‍ അനുവദിക്കില്ല. ഈ ബസുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ അനുവദിക്കും. മോട്ടോര്‍ വാഹന വകുപ്പില്‍ ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനായി കഴിഞ്ഞു. പൊതു ജനങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.