ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടിയും സംവിധായികയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. രാജ് കപൂര്‍, ലതാ മങ്കേഷ്‌കര്‍, അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാ പരേഖ്. ടെലിവിഷന്‍ സീരിയലുകളും അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളായി കണക്കാക്കിയിരുന്ന പരേഖ് 1960 കളിലും 1970 കളിലും ഏറെ തിളങ്ങി. ബാലതാരമായാണ് അവര്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. സിദ്ദി, ചിരാഗ്, ലവ് ഇന്‍ ടോക്കിയോ, ഹം സായാ,കന്യാദാന്‍, ഗുന്‍ഘട്ട്, തുടങ്ങി നിരവധി ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.