കോഴിക്കോട് :ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും സംയുക്താഭിമുഖ്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടത്തുന്ന ലഹരി അവബോധ പദ്ധതിയായ ‘പുതുലഹരിയിലേക്ക് ‘ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പുതുലഹരിക്ക് ഒരു വോട്ട്’ ന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടൂപറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വ്വഹിച്ചു.
ലഹരിക്കെതിരെ അണിനിരക്കണമെന്നും പഠനത്തോടൊപ്പം സ്വയം കഴിവുകള്‍ കണ്ടെത്തി അവയെ ലഹരിയാക്കി മാറ്റണമെന്നും കലക്ടര്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് ലഹരി അവബോധ പ്രചാരണം നടത്തുകയും ലഹരി ഉപയോഗത്തില്‍ നിന്നും മറ്റുള്ളവരെ പിന്‍തിരിപ്പിക്കുകയും ചെയ്യുന്നവര്‍ എന്ന നിലക്ക് ‘ലഹരി വിരുദ്ധ അംബാസഡര്‍’ മാരായി വിദ്യാര്‍ത്ഥികള്‍ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
‘പുതുലഹരിക്ക് ഒരു വോട്ട്’ന്റെ ബാലറ്റ് പേപ്പറുകള്‍ കലക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. തുടര്‍ന്ന് സൗഹൃദം,സിനിമ,വായന,ഭക്ഷണം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയ ബാലറ്റ് പേപ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടു രേഖപ്പെടുത്തി.
ശരീരത്തിനും മനസ്സിനും ഒരുപോലെ ഹാനികരമായ ലഹരി പദാര്‍ത്ഥങ്ങള്‍ വെടിഞ്ഞ് മാനസിക ഉല്ലാസം നല്‍കുന്ന ജീവിതത്തിലെ ആരോഗ്യകരമായ മറ്റു മേഖലകളെ ലഹരിയാക്കൂ എന്ന ആശയമാണ് ‘പുതുലഹരിയിലേക്ക്’ എന്ന പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. വോട്ടവകാശം നേടാനിരിക്കുന്ന വിദ്യാര്‍ത്ഥികളിലേക്ക് ജനാധിപത്യ സംവിധാനത്തെയും ഇലക്ഷന്‍ പ്രക്രിയയും പരിചയപ്പെടുത്തുന്നതിനും ലഹരി വിരുദ്ധ സന്ദേശം കൂടുതല്‍ ലളിതവും ക്രിയാത്മകവുമായി എത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും.
വോട്ടെടുപ്പ് ഒക്ടോബര്‍ 17, 19 തിയ്യതികളിലായി പൂര്‍ത്തിയാക്കും. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, എയ്ഡഡ് – അണ്‍ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗം ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളെയും അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ജില്ലയിലെ ഇരുന്നൂറോളം വരുന്ന ഹയര്‍ സെക്കന്‍ഡറി സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ വോട്ടെടുപ്പിന്റെ ഭാഗമാകും. പൂര്‍ണ്ണമായും ജനാധിപത്യ സ്വഭാവത്തില്‍ ഇലക്ഷന്‍ പ്രക്രിയയില്‍ ഭിന്നശേഷി സൗഹൃദവും, ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പോടനുബന്ധിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കലാവതരണങ്ങള്‍, രചനാ മത്സരങ്ങള്‍ തുടങ്ങി വിവിധയിനം മത്സരങ്ങളാണ് ഒരുക്കുന്നത്. രചനാ മത്സരങ്ങളില്‍ നിന്ന് മികച്ച എന്‍ട്രികള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ മാഗസിനായി പ്രസിദ്ധീകരിക്കും.
കഴിഞ്ഞ മാസങ്ങളില്‍ ജില്ലയിലെ കോളേജുകളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വോട്ടെടുപ്പിന്റെ രണ്ടാം പതിപ്പാണിത്. മികച്ച സ്വീകാര്യതയാണ് ആദ്യ ഘട്ട വോട്ടെടുപ്പിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരായ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകളിലെ വോട്ടെടുപ്പ് . വോട്ടെടുപ്പിന്റെ ജില്ലാതല ഫലപ്രഖ്യാപനം ഒക്ടോബര്‍ 20 ന് ഓണ്‍ലൈനായി നിര്‍വഹിക്കും.
വാര്‍ഡ് കൗണ്‍സിലര്‍ റീജ കെ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനൂപ് വി ആര്‍, ഹെഡ് മാസ്റ്റര്‍ അനില്‍ കുമാര്‍ എസ്, പി ടി എ പ്രസിഡന്റ് സതീഷ് കുമാര്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സബ് കലക്ടര്‍ ചെല്‍സ സിനി, അസിസ്റ്റന്റ് കലക്ടര്‍ സമീര്‍ കിഷന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഹിമ കെ, പി എന്‍ പുരുഷോത്തമന്‍ എന്നിവര്‍ ‘പുതുലഹരിക്ക് ഒരു വോട്ട്’ന്റെ ഉദ്ഘാടനം ജില്ലയുടെ മറ്റ് വിദ്യാലയങ്ങളില്‍ നിര്‍വ്വഹിച്ചു. തഹസില്‍ദാര്‍മാര്‍, തദ്ദേശസ്ഥാപന മേധാവികള്‍ തുടങ്ങി ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിരീക്ഷകരായി എത്തിയിരുന്നു.