കോഴിക്കോട്: 139.5 കോടിയുടെ അമൃത് പദ്ധതി പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാഴാവുമെന്ന് ആശങ്ക.കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള അമൃത് പദ്ധതിയിലുള്‍പ്പെട്ട ആവിക്കലിലേയും കോതിയിലേയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രാരംഭ പ്രവൃത്തി പോലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കാലാവധി അടുത്ത മാര്‍ച്ചോടെ അവസാനിക്കുന്നത് ആശങ്കയുയര്‍ത്തുന്നത്. ഈ പദ്ധതികള്‍ നടപ്പാക്കാനായില്ലെങ്കില്‍ അമൃതില്‍ ഉള്‍പ്പെട്ട മറ്റ് വികസനപദ്ധതികളും തടസ്സപ്പെടും.
പ്ലാന്റുകള്‍ അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. അമൃത് രണ്ടാംഘട്ട പദ്ധതിയിലുള്‍പ്പെട്ട സരോവരത്തെ മലിനജല സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.നേരത്തേ,സുസ്ഥിര നഗരവികസന പദ്ധതിയില്‍ തുടങ്ങിവെച്ച പദ്ധതിയുടെ പൈപ്പുകളടക്കം സൗകര്യങ്ങള്‍ കൂടുതല്‍ വിപുലകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ആവിക്കല്‍ത്തോട് ,കോതി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവൃത്തി നടപ്പിലാക്കാന്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.പദ്ധതിക്കെതിരേയുള്ള സമരം ശക്തമാക്കാനുള്ള പ്രദേശവാസികളുടെ തീരുമാനത്തിന് ശക്തി പകരാന്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവിക്കലില്‍ എത്തിയിരുന്നു.
പദ്ധതി കാലാവധി അവസാനിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കിയിരിക്കേ ആളുകളുടെ ആശങ്കയകറ്റി പണി തുടങ്ങാനുള്ള കാര്യമായ ശ്രമങ്ങള്‍ കോര്പ്പറേഷന് അധികാരികള്‍ തുടങ്ങിയിട്ടില്ല.