കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത് പാലോളിയില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. എസ്.ഡി.പി.ഐ നേതാവ് അവിടനല്ലൂര്‍ മുട്ടോട്ടുകണ്ടി സഫീര്‍(30) ആണ് കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സഫീര്‍ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി ചോദ്യം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. എസ്.ഡി.പി.ഐയുടെ ബോര്‍ഡ് നശിപ്പിച്ചതിന്റെ പേരിലാണ് ജിഷ്ണുവിനെ ആക്രമിച്ചത്. ബോര്‍ഡ് നശിപ്പിച്ചവരുടെ പേര് പറയാന്‍ ജിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കേസില്‍ ഒമ്പത് പേര്‍ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞമാസം 23നാണ് ജിഷ്ണുവിനെതിരെ അക്രമം നടന്നത്. ഡി.വൈ.എഫ്.ഐ തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്.