കാസർകോട് : താമസക്കാർ പുറത്ത് പോയ സമയം വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. അലമാരയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒന്നര പവന്റെ സ്വര്‍ണ്ണാഭരണവും കവര്‍ന്നു.
നീലേശ്വരം പള്ളിക്കരയിലെ മുണ്ട്മാട് റോഡിന് സമീപം പ്രദീപന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ പുറത്തു പോയി തിരിച്ചു വന്ന് വീടു തുറന്ന് നോക്കിയപ്പോഴാണ് മുറിയിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയും സ്വര്‍ണ്ണാഭരണവും മോഷണം പോയതായി മനസിലായത്.വീടിന്റെ കോണിയുടെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.