Thursday, June 19, 2025

ആരുടെ വികസനം?

Must Read


ഒ കെ ജോണി


പത്ത് വര്‍ഷംമുമ്പ് ആലോചിച്ചുതുടങ്ങിയെന്ന് പറയപ്പെടുന്ന കെ റെയില്‍ പദ്ധതി, എതിര്‍പ്പുകളെ വകവെക്കാതെ നടപ്പാക്കുമെന്ന് ഇപ്പോള്‍ വാശിപിടിക്കുന്നതിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്ന് കരുതുന്ന മലയാളികളോടൊപ്പമാണ് ഞാനും. പ്രതിപക്ഷമുന്നണിയുടെ വലതുപക്ഷരാഷ്ട്രീയം പങ്കിടാന്‍ ലജ്ജിക്കുന്ന ഒരാള്‍ക്കുപോലും അങ്ങിനെ തോന്നുന്നുന്നത് കാരണമില്ലാതെയല്ല.
പത്ത് കൊല്ലംമുമ്പത്തെ അവസ്ഥയാണോ ഇന്ന് കേരളത്തിലും രാജ്യത്തും നിലനില്‍ക്കുന്നത്?  അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ മറന്നാലും ഇനിയും അവസാനിച്ചിട്ടില്ലാത്ത മഹാമാരി മാനവരാശിക്കുതന്നെ വലിയ ഭീഷണിയായി മുന്നില്‍നില്‍ക്കുമ്പോള്‍ ഇത്തരം പദ്ധതികളുമായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ വികസനപ്രേമത്തെ എന്തുപേരിട്ടാണ് വിളിക്കേണ്ടതെന്ന് മനസിലാവുന്നില്ല. 
വ്യക്തികള്‍ വികസനസ്വപ്നംകാണുന്നതൊക്കെ കൊള്ളാം പക്ഷെ, ഒരു ജനാധിപത്യ ഭരണകൂടത്തിന് സ്വപ്നംകാണുംമുമ്പേ സ്ഥലകാലബോധംകൂടി ഉണ്ടാവണം. അതുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയിട്ട് പോരേ ഈ കല്ലിടലും നഷ്ടപരിഹാരവാഗ്ദാനവുമെല്ലാം?   പ്രതിപക്ഷം മാത്രമൊന്നുമല്ല ഈ പദ്ധതിയെ ആശങ്കയോടെ കാണുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് പോലൊരു ജനകീയ ശാസ്ത്രസംഘടനയുടെ ആശങ്കകളെപ്പോലും വികസനവിരുദ്ധമായി കാണാനാവുമോ? 
സിംഗൂരും നന്ദിഗ്രാമും ബംഗാളില്‍ സൃഷ്ടിച്ച ഇടതുപക്ഷവിരുദ്ധവികാരത്തെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തണമെന്ന ഈ വാശി ഉപേക്ഷിക്കുന്നതാവും ഇടതുപക്ഷത്തിന്റെയെന്നല്ല, കേരളത്തിന്റെതന്നെ നിലനില്‍പ്പിനും ഭാവിക്കും നല്ലതെന്നാണ് സാമാന്യബുദ്ധി എന്നെ ബോദ്ധ്യപ്പെടുത്തുന്നത്. 
ജില്ലതോറും വിമാനത്താവളമുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനത്ത് കാസര്‍കോടുനിന്ന് ആര്‍ക്കാണിപ്പോള്‍ അടിയന്തരമായി അതിവേഗ    തീവണ്ടികയറി തിരുവനന്തപുരത്തെത്തേണ്ടത്?   സര്‍ക്കാാറിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ക്രൂരതയാല്‍ നിത്യരോഗികളായി ചത്തുജീവിക്കുന്ന കാസര്‍കോട്ടെ നൂറുകണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കോ? 
 നിരപരാധികളും നിസ്സഹായരുമായ ആ പാവം മനുഷ്യര്‍ക്കുവേണ്ടി മാറിമാറിവന്ന സര്‍ക്കാരുകള്‍ എന്തുചെയ്തു?   പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്ന വെള്ളാനയുടെ വികസനത്തിനുവേണ്ടി ഇരകളാക്കപ്പെട്ടവരാണല്ലോ അവര്‍.  എന്താരു കണ്ണില്‍ച്ചോരയില്ലാത്ത വികസന സ്വപ്നമാണിത്!  അശ്ലീലമായ വികസനോന്മാദം! 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img