കോഴിക്കോട്: മന്ത്രവാദികളെ പരസ്യമായി വെല്ലുവളിച്ച് ആത്മീയ ചൂഷകര്‍ക്കെതിരെയുള്ള കെ. എന്‍. എം. മര്‍കസുദ്ദഅ്വയുടെ പ്രചാരണത്തിന് പ്രൗഢമായ തുടക്കം. ആഭിചാരത്തിലൂടെ തങ്ങള്‍ക്കെതിരില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച ബഹുജന സംഗമം ലോകത്തുള്ള മുഴുവന്‍ സിദ്ധന്‍മാരുടെയും മന്ത്രവാദികളുടെയും ആത്മീയ ചൂഷണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കെ. എന്‍. എം മര്‍കസുദ്ദഅ്വ ജന. സെക്രട്ടറി സി. പി. ഉമര്‍ സുല്ലമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രവാദത്തിലൂടെയും മാരണത്തിലൂടെയും പ്രശ്ന പരിഹാരം സാധ്യമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രബുദ്ധ കേരളത്തില്‍ പോലും ആളുകളെ വിശ്വാസപരമായും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയും അവസാനം കൊലപാതകങ്ങളില്‍ വരെ എത്തിപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആത്മീയ ചൂഷകര്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ജിന്ന് ചികിത്സ, മാരണം, മന്ത്രവാദം തുടങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന മുഴുവന്‍ ആത്മീയ ചികിത്സാ കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ആത്മീയ വാണിഭത്തിലൂടെ സമൂഹത്തെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്ന സിദ്ധന്‍മാരെയും മന്ത്രവാദികളെയും മാരണക്കാരെയും ആത്മീയ ചികിത്സകരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. മാരണം ഫലിക്കില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിരിക്കെ, ഹദീസുകളുടെ അക്ഷരവായന നടത്തി മന്ത്രവാദങ്ങളെയും മാരണത്തെയും ന്യായീകരിക്കുന്ന മുസ്്ലിംകളിലെ നവയാഥാസ്ഥിതികര്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും ആദര്‍ശത്തിലേക്ക് തിരിച്ചുവരണം. മനുഷ്യര്‍ക്കിടയില്‍ സംശയങ്ങളുണ്ടാക്കി വിദ്വേഷം ജനിപ്പിച്ച് കുടുംബ കലഹവും വ്യക്തി വൈരാഗ്യങ്ങളും വളര്‍ത്തുന്ന മാരണ വിശ്വാസത്തെ ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആനെയാണ് തള്ളിപ്പറയുന്നത്.
സംസ്ഥാനത്ത് ഈയിടെ മന്ത്രവാദ മാരണ ചികിത്സയെ തുടര്‍ന്നുള്ള ദാരുണ മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള നിയമനിര്‍മാണം നടത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍ ശുിപാര്‍ശ ഉടന്‍ നടപ്പാക്കണമെന്നും സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജന: സെക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ യു.കെ കുമാരന്‍ മുഖ്യാതിഥിയായി. കെ.ജെ.യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി.
എന്‍.എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം.ടി മനാഫ് മാസ്റ്റര്‍, ഡോ. ജാബിര്‍ അമാനി, ഡോ. അന്‍വര്‍സാദത്ത്, ആദില്‍ നസീഫ് മങ്കട, റുഖ്സാന വാഴക്കാട്, പി.ടി അബ്ദുല്‍മജീദ് സുല്ലമി, ഫര്‍ഷാന കോഴിക്കോട് പ്രസംഗിച്ചു.