**’ഇത് സൂപ്പറാണ്.. ഈ പുഴയും നാടും മത്സരവും’; ചാലിപ്പുഴക്കൊപ്പം കുതിച്ച് ശിഖ ചൗഹാന്‍
കോഴിക്കോട് ‘ഇത് സൂപ്പറാണ്.. ഈ പുഴയും നാടും മത്സരവും’ പറയുന്നത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിനെത്തിയ ശിഖ ചൗഹാന്‍. ചാലിപ്പുഴയുടെ കുത്തൊഴുക്കില്‍ തന്റെ കയാക്കിങ് ബോട്ടുമായി കാഴ്ചക്കാര്‍ക്കുമുന്നില്‍ മാന്ത്രികത തീര്‍ക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള 19 കാരി ശിഖ.
എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കയാക്കിങ് മത്സരത്തില്‍ ആദ്യ ദിനം നടന്ന സ്ലാലോം പ്രൊഫഷണല്‍ വനിതാ മത്സരത്തിലും രണ്ടാം ദിനം നടന്ന എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണല്‍ വനിതാ മത്സരത്തിലും ഒന്നാം സ്ഥാനമാണ് ശിഖയ്ക്ക്.
2019 ല്‍ നടന്ന വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും റാപ്പിഡ് റാണി വിജയം നേടുകയും ചെയ്തിരുന്നു ശിഖ. ഈ മത്സരത്തിനിടെ അപകടം സംഭവിച്ച ശിഖയ്ക്ക് ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കയാക്കിങ്ങിന് ഊര്‍ജ്ജവുമായി ഇത്തവണയും ശിഖ നേരത്തെ എത്തി. കുത്തൊഴുക്കിനെ മുറിച്ചു കടന്ന് മുന്നേറുന്ന ശിഖ കാഴ്ചക്കാരിലും ആവേശമായി.
ചെറുപ്പം മുതല്‍ കയാക്കിങിനോട് താല്‍പര്യമാണ്. അത് പഠിക്കാനും പരിശീലിക്കാനും തുടങ്ങി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ് വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പല കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അന്തര്‍ദേശിയ കയാക്കിങ് മത്സരമാണ് ലക്ഷ്യമിടുന്നതെന്നും ശിഖ പറയുന്നു.
സ്ലാലോം, ബോട്ടര്‍ ക്രോസ്സ് മത്സരങ്ങളിലാണ് ശിഖ മത്സരിക്കുന്നത്. ഇത്തവണയും റാപ്പിഡ് റാണിയാവാനുള്ള ഒരുക്കത്തിലാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ശിഖ.