*പ്രതിഷേധത്തിനിടെ ബി.ജെ.പി അംഗത്തെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവം ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ശബ്ദായമാനമായ അന്തരീക്ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കി. പ്രതിഷേധത്തിനിടെ ബി.ജെ.പി അംഗം എന്‍. ശിവപ്രസാദിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണ്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷനേതാവ് കെ.സി ശോഭിത അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസ് ചര്‍ച്ചയായി. കെട്ടിട നമ്പര്‍ അനധികൃതമായി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയെ മാറ്റി നിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്നും വിവിധ തലത്തിലുള്ള അന്വേഷണം നടന്നുവരികയാണെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഇതോടെയാണ് ബഹളം തുടങ്ങിയത്.
യു.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും പ്രതിഷേധിച്ചു. മേയറുടെ ഇരിപ്പിടത്തിന് ചുറ്റും നിന്ന് മുദ്രാവാക്യം വിളിക്കുകയുണ്ടായി. ഇതിനിടെ മേയറെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടതു കൗണ്‍സിലര്‍മാരും രംഗത്തെത്തി. ഏതാനും നിമിഷം കൊണ്ട് അജണ്ടകള്‍ പാസാക്കി യോഗം പിരിഞ്ഞു. പിന്നീട് മേയറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസ് എത്തി ബി.ജെ.പി അംഗം എന്‍. ശിവപ്രസാദിനെ അറസ്റ്റ് ചെയ്തത്. മേയറുടെ ചേംബറിലെ മൈക്കും മറ്റും കേടുവരുത്തിയെന്നാണ് കേസ്.