സൂപ്പി വാണിമേല്‍
കാസര്‍കോട്: ഹരിത രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായി ഏഴ് നിയമസഭ വസന്തങ്ങള്‍ കണ്ട സി.ടി.അഹമ്മദലി ബുധനാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെ പ്രൗഢ ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് സ്വപ്നം യാഥാര്‍ഥ്യമാക്കി കേരള നിയമസഭ പഞ്ചായത്തീരാജ്-നഗരപാലിക ബില്‍ അംഗീകരിച്ച 1994ല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി എന്ന ബഹുമതിയിലാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആദരം.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും യു.ഡി.എഫ് കാസര്‍കോട് ജില്ല ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന അഹമ്മദലി’സി.ടി’എന്ന പേരില്‍ പൊതുസ്വീകാര്യനാണ്.1980,’82,’87,’91,’96,’2001,’2006 എന്നിങ്ങിനെ മത്സരിച്ച ഏഴ് നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയായിരുന്നു.
1991ലെ കെ.കരുണാകരന് മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണം 1995 മാര്‍ച്ച് മുതല്‍ 1996 മെയ് വരെ പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിച്ചു.സിഡ്കൊ ചെയര്‍മാനായിരുന്നു.ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും ഹയര്‍സെക്കന്ററി സ്കൂള്‍ മാനജരായും പ്രവര്‍ത്തിക്കുന്നു.
ഉദുമ മണ്ഡലത്തിലെ ചെമ്മനാട്ട് സി.ടി.അബ്ദുല്ല-കെ.ഖദീജാബി ദമ്പതികളുടെ മകനായി 1944 ഏപ്രില്‍ അഞ്ചിന് ജനിച്ച അഹമ്മദലി എഴുപത്തി എട്ടാം വയസ്സിലും പൊതുരംഗത്ത് സജീവമാണ്.എ.ഉമ്മാലിമ്മയാണ് ഭാര്യ.മകനും മൂന്ന് പെണ്‍മക്കളുമാണുള്ളത്.കാസര്‍ക്കോട് എം.ജി.റോഡില്‍ ധാന്യ മൊത്ത വ്യാപാരിയായിരിക്കെ സ്വതന്ത്ര ചുമട്ടു തൊഴിലാളി യൂണിയന് നേതാവായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ആദരിക്കല്‍ ചടങ്ങാണ് ഇന്ന് നടന്നത്.ഉമ്മന്‍ ചാണ്ടിയുടെ സൗകര്യാര്‍ത്ഥം പരിപാടി നീളുകയായിരുന്നു.