കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്ക് വനിതാകൂട്ടായ്മയുടെ പിന്തുണ. അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ഗാത്മകരംഗത്തെ വനിതകള്‍ പ്രതിജ്ഞയെടുത്തും ചിത്രംവരച്ചും നൃത്തം ചെയ്തും അരങ്ങിനെ ഉണര്‍ത്തി.
അതിജീവിതക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ അവര്‍ വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും പ്രതിഷേധം തീര്‍ത്തു. സിനിമാരംഗത്ത് സ്്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അന്വേഷിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പ്രമേയം പാസാക്കി. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഇരകളുടെ സ്വകാര്യത സംരക്ഷിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു.
പി. ശ്രീജ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ പിന്തുണച്ച് വേദിയില്‍ വെച്ച ബോര്‍ഡില്‍ കെ. അജിത ആദ്യം ഒപ്പുവെച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എം ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കാന്‍ തീരുമാനിച്ചു. അഡ്വ. മിനി, ദീദി ദാമോദരന്‍, വിജി പെണ്‍കൂട്ട്, ബൈജു മേരിക്കുന്നത്ത്, ഗിരിജ പാര്‍വതി, കെ. രജിത, അഡ്വ. പി.എ അബിജ എന്നിവര്‍ പ്രസംഗിച്ചു.
ചിത്രരചന, നാടന്‍പാട്ട്, ഫോട്ടോപ്രദര്‍ശനം, കഥക്, നാടകം, സിത്താര്‍വാദനം എന്നിവ അരങ്ങേറി. മഞ്ചാടിക്കുരി, പുനര്‍ജ്ജനി, വിംഗ്സ് കേരള, പെണ്ണകം, വനിതാ അഭിഭാഷക സമിതി, ഡമോക്രാറ്റിക് ഡയലോഗ് ഫോറം,ജനാധിപത്യവേദി തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.