കോഴിക്കോട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തുടങ്ങി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു അഡ്വ. എ. ശങ്കരന്‍. വയലാര്‍ രവിക്കും എ.കെ ആന്റണിക്കും ഒപ്പം കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ച ശങ്കരന്‍ 1978ലെ കോണ്‍ഗ്രസിലെ പിളര്‍പ്പിനെതുടര്‍ന്ന് എ.കെ ആന്റണിക്കൊപ്പം ഇടതുപാളയത്തിലെത്തി. ആന്റണിയും കൂട്ടരും കോണ്‍ഗ്രസ് ഐയിലേക്ക് മടങ്ങിയപ്പോള്‍ എ.സി ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടൊപ്പം കോണ്‍ഗ്രസ് എസില്‍ തുടര്‍ന്നു. അങ്ങനെയാണ് എല്‍.ഡി.എഫിന്റെ ഭാഗമായി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആവുന്നത്. മുന്നണി സംവിധാനത്തിന്റെ ഭാഗമായി ഒരു വര്‍ഷം മേയര്‍ പദവിയില്‍ ഇരുന്നു. നിയമപഠനത്തിനുശേഷം അഭിഭാഷകനായും ശങ്കരന്‍ പേരെടുത്തു. അഡ്വ. കുഞ്ഞിരാമമേനോന്റെ കീഴിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സുകുമാര്‍ അഴീക്കോട്, എം.ടി വാസുദേവന്‍നായര്‍, തിക്കോടിയന്‍ എന്നിവരുമായി വളരെ അടുപ്പമായിരുന്നു. അഴീക്കോട് കോഴിക്കോട്ടെത്തിയാല്‍ ശങ്കരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അഴീക്കോടിന്റെ വില്‍പത്രം തയാറാക്കിയതും ശങ്കരന്‍ ആയിരുന്നു.
കക്കട്ടില്‍ സ്വദേശിയായ ആയാടത്ത് ശങ്കരന്‍ പ്രീഡിഗ്രി പഠനത്തിനുവേണ്ടിയാണ് കോഴിക്കോട്ടെത്തുന്നത്. ഫാറൂഖ് കോളജിലായിരുന്നു പഠനം. പിന്നീട് ദേവഗിരി കോളജില്‍ ഡിഗ്രിപഠനം. അവിടെ അഴീക്കോട് ഗുരുനാഥനായിരുന്നു. അഭിഭാഷകകനായി പ്രാക്ടീസ് തുടങ്ങിയപ്പോള്‍ ചാലപ്പുറത്ത് വീട് വെച്ച് താമസിക്കുകയായിരുന്നു. നഗരത്തിലെ സാംസ്‌കാരിക പരിപാടികളിലെല്ലാം സജീവമായിരുന്നു. മലബാര്‍ മഹോത്സവം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളില്‍ സംഘാടകനായി. എസ്.എന്‍ ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. രാമാശ്രമം ട്രസ്റ്റ് സെക്രട്ടറി, സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഇരിങ്ങല്‍ മേപ്രംകുറ്റിയില്‍ ലളിതയാണ് ഭാര്യ. മക്കള്‍: ആദര്‍ശ് ശങ്കര്‍(പ്ലാന്റര്‍), അഭിലാഷ് ശങ്കര്‍(പബ്ലിക് റിലേഷന്‍സ് മാനേജര്‍, യു.എല്‍.സി.സി). മരുമക്കള്‍: രാജലക്ഷ്മി, ആരതി.