തിരുവനന്തപുരം:സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകും.വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.ആകെ പതിനൊന്ന് ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.
സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാക്കി നാല് ബില്ലുകളില്‍ തീരുമാനം നീളുകയാണ്. മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. രാജ് ഭവനില്‍ വച്ചാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വ്യവസ്ഥകള്‍ അറിയിച്ചത്. ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. അടുത്തമാസം ആദ്യം സംസ്ഥാനത്തേക്ക് മടങ്ങി വരുമെന്നാണ് വിവരം.അതിനിടെ കേരള സര്‍വ്വകലാശാല വിസി നിയമന സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.