കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് അതിവേഗം പടരുകയാണെന്ന് ശ്രീലങ്കന്‍ ഭരണകൂടം.
ഭക്ഷ്യക്ഷാമം നേരിടുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ആഹാരം നല്‍കുന്നതിന് വേണ്ടി സ്വകാര്യ വ്യക്തികളില്‍ നിന്നും സംഭാവനകള്‍ ആവശ്യപ്പെട്ടുകൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
”കൊവിഡ് മഹാമാരി അതിന്റെ ഏറ്റവുമുയര്‍ന്ന അവസ്ഥയിലായിരുന്നപ്പോള്‍, സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു, എന്നാലിപ്പോള്‍, സാമ്പത്തിക പ്രതിസന്ധി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്,” വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി നീല്‍ ബന്ദാര കൊളംബോയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കുഞ്ഞുങ്ങളുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി ഫണ്ടിങ് ആവശ്യമാണെന്നും നേരത്തെ യൂണിസെഫും അഭ്യര്‍ത്ഥിച്ചിരുന്നു.



