കോഴിക്കോട്: ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 29,30 തിയതികളില്‍ കോഴിക്കോട്ട് നടക്കും. കല്ലായി റോഡിലെ ഹോട്ടല്‍ കിങ് ഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. 29ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ ഇസ്മായില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. 30ന് രാവിലെ പത്ത് മണിക്ക് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ജനാധിപത്യ വിദ്യാഭ്യാസവും മാറുന്ന വിദ്യാലങ്ങളും എന്ന വിഷയത്തില്‍ വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും നടക്കും.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഹെഡ്മാസ്റ്റര്‍മാരില്‍ അടിച്ചേല്‍പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റര്‍മാര്‍ മുന്‍കൂറായി പണം ചെലവിട്ടാണ് ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നത്. പിന്നീട് രേഖകള്‍ സമര്‍പ്പിച്ചശേഷം സര്‍ക്കാര്‍ പണം നല്‍കുന്ന രീതിയാണുളളത്. ഇത് പരിഹാസ്യമാണെന്നും പ്രധാനാധ്യാപകരെ ഉച്ചഭക്ഷണത്തിന്റെ കോണ്‍ട്രാക്ടര്‍മാര്‍ ആക്കരുതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ഫണ്ട് സമയത്ത് ലഭിക്കാത്തതും പ്രശ്നമാണ്. ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഓഫീസ് ജോലിക്ക് പുറമെ ക്ലാസ് എടുക്കേണ്ടതുമുണ്ട്. ഇവരുടെ സഹായത്തിനായി ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുന്നുമില്ല. ഇക്കാര്യത്തില്‍ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ ഇസ്മായില്‍, ജനറല്‍ സെക്രട്ടറി കെ.പി മധുസൂദനന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഷുക്കൂര്‍ കോണിക്കല്‍, കണ്‍വീനര്‍ കെ. മുഹമ്മദ് സാലിം എന്നിവര്‍ സംബന്ധിച്ചു.



