ന്യൂഡല്‍ഹി: 104 മണിക്കൂര്‍ നേരത്തെ കഠിനാധ്വാനത്തിനൊടുവില്‍ 80 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ 11 കാരനെ രക്ഷപ്പെടുത്തി. സംസാര, കേള്‍വി പ്രശ്നങ്ങളുള്ള രാഹുല്‍ സാഹുവാണ് ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയിലെ കുഴല്‍കിണറില്‍ വീണത്. ജൂണ്‍ പത്തിന് വീടിനു പിറകില്‍ കളിക്കുമ്പോഴാണ് കുട്ടി അബദ്ധത്തില്‍ 80 അടി ആഴമുള്ള കിണറിലേക്ക് വീണത്.
അറുപതടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ നടന്നുവരുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ദേശീയ ദുരന്ത നിവാരണ സേന, ഇന്‍ഡ്യന്‍ സൈന്യം, പൊലീസ്, പ്രാദേശിക ഭരണകൂടം എന്നിവയിലെ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്.
കുട്ടികള്‍ കിണറില്‍ വീണുള്ള അപകടങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രക്ഷാപ്രവര്‍ത്തനമാണിത്. രക്ഷാപ്രവര്‍ത്തനം 104 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു കുട്ടിയെ പുറത്തെടുത്തത്.
കുട്ടിക്ക് പഴങ്ങളും വെള്ളവുമെല്ലാം എത്തിച്ചുനല്‍കുന്നുണ്ടെന്നും ആരോഗ്യം തൃപ്തികരമാണെന്നും നേരത്തെ രക്ഷാസേന അറിയിച്ചിരുന്നു. എങ്കിലും ഇത്രയും ദിവസം ഇത്രയും ആഴത്തില്‍ കുട്ടി തനിച്ച് കഴിയുന്നതിലുള്ള ആശങ്ക ഉണ്ടായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന്റെ മേല്‍നോട്ടത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. എല്ലാവരുടെയും പ്രാര്‍ഥനയുടേയും രക്ഷാപ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെയും ഫലമായി രാഹുല്‍ സാഹുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുലിനെ ബിലാസ്പൂരിലെ അപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



