അടിമാലി : ഒരു സ്‌കൂട്ടറില്‍ 5 കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ അഭ്യാസപ്രകടനത്തിനു ശിക്ഷ 2 ദിവസത്തെ സാമൂഹിക സേവനം. ഇതിനുപുറമേ സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് 3 മാസത്തേക്ക് ഇടുക്കി ആര്‍ടിഒ ആര്‍.രമണന്‍ റദ്ദ് ചെയ്തു. 2,000 രൂപ പിഴയുമീടാക്കി.
ജൂലൈ 2, 3 തീയതികളില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളെ സഹായിക്കാനാണ് ആര്‍.ടി.ഒ നിര്‍ദേശിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടിനു കൈമാറാനുള്ള കത്തും വിദ്യാര്‍ഥികളെ ഏല്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി അവസാനിപ്പിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുരിക്കാശേരിയിലായിരുന്നു അപകടകരമായ സ്‌കൂട്ടര്‍ സവാരി. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ ആര്‍ടിഒയുടെ നേതൃത്വത്തില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സോണി ജോണ്‍, നെബു ജോണ്‍ എന്നിവര്‍ അന്വേഷണം നടത്തി സ്‌കൂട്ടര്‍ കണ്ടെത്തി.
സ്‌കൂട്ടറില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ഥികളായ അഖില്‍ ബാബു, ആല്‍ബിന്‍ ഷാജി, ജോയല്‍ വി.ജോമോന്‍, ആല്‍ബിന്‍ ആന്റണി, എജിന്‍ ജോസഫ് എന്നിവരെ മാതാപിതാക്കളോടൊപ്പം ഇടുക്കി ആര്‍ടിഒ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ഇനിമേലില്‍ കുറ്റം ചെയ്യുകയില്ലെന്നു മാതാപിതാക്കളുടെ മുന്നില്‍ വച്ച് പ്രതിജ്ഞ ചൊല്ലിച്ച ശേഷമാണു വിദ്യാര്‍ഥികളെ പറഞ്ഞയച്ചത്.



