മാവൂര്‍/കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് കൂടുതല്‍ വ്യക്തത തേടിയതോടെ തുടര്‍ പ്രവൃത്തികള്‍ വൈകാന്‍ സാധ്യത. ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനിയുടെയും ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഹൈഡ്രോളിക് ജാക്കിയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ ക്രമക്കേടാണോ, മനുഷ്യസഹജമായ പിഴവാണോ എന്ന് വ്യക്തമാക്കാനാണ് മന്ത്രി റിപ്പോര്‍ട്ട് തിരിച്ചയച്ചത്. പ്രവൃത്തി നടക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായില്ലെന്നത് ഗുരുതര വീഴ്ചയാണ്. സുരക്ഷ ഒരുക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചതായി റിപോര്‍ട്ടിലുണ്ട്.
സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഹൈഡ്രോളിക് ജാക്കിയുടെ പ്രവര്‍ത്തനം ഉറപ്പാക്കിയില്ലെന്നും ഇതാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
വീഴ്ച വരുത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ശക്തമായ ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നിര്‍മാണത്തില്‍ അപാകതയില്ല, വീഴ്ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങള്‍ പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നേരത്തെ തന്നെ തള്ളിയിരുന്നു.
നിര്‍മാണം പുനരാരംഭിക്കാമെന്നുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശവും മന്ത്രി തള്ളുകയായിരുന്നു. അന്വേഷണ റിപോര്‍ട്ട് കിട്ടിയ ശേഷം മാത്രം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നാണ് മന്ത്രി അന്ന് നിലപാട് സ്വീകരിച്ചത്. പ്രശ്‌നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ സംഭവത്തില്‍ കുറ്റക്കാരെ തുറന്നുകാട്ടി വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സര്‍ക്കാറിന്റെയും അഭിമാന പ്രശ്‌നമായി മാറി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഏതളവുവരെ തയ്യാറാകുമെന്ന് കാത്തിരിക്കുകയാണ് പൊതുസമൂഹം.
മാനുഷിക പിഴവ് ആണെങ്കില്‍ നൈപുണ്യ തൊഴിലാളികളുടെ സേവനം ഉറപ്പാക്കാത്തത് മൂലമാണോ എന്ന് വ്യക്തമാക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുവോ എന്നും വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വ്യക്തമായ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ചാലിയാറിന് കുറുകെയുള്ള കൂളിമാട്-മപ്രം കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നുവീണത്. മലപ്പുറം ജില്ലയോട് ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം.



