കോഴിക്കോട്: ഒന്നിച്ച് പഠിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേരാന്‍ തീരുമാനിച്ച വേളയില്‍ തന്നെ സഹപാഠി എന്നെന്നേക്കുമായി വിട പറഞ്ഞത് പുതിയറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ 1998-2000 ബാച്ചുകാര്‍ക്ക് നൊമ്പരമായി. ഒത്തുചേരലിന്റെ ആഹ്ലാദം വിട പറയലിന്റെ വേദിയായി. ഒന്നിച്ചു പഠിച്ച കൂട്ടുകാര്‍ മാര്‍ച്ച് മാസം ഒത്തുചേരാനാണ് തീരുമാനിച്ചിരുന്നത്. ആര്‍. രാമചന്ദ്രന്‍, ഒ.ജിതേഷ്, എന്നിവരുടെ ശ്രമഫലമായി രൂപീകരിച്ച വാട്ട്സ് ആപ് കൂട്ടായ്മയാണ് ഇതിന് വഴിയൊരുക്കിയത്. എന്നാല്‍ ഗള്‍ഫിലുള്ള സുഹൃത്ത് എലത്തൂര്‍ വെള്ളറക്കാട്ട് സുജിത്തിന്റെ സൗകര്യാര്‍ത്ഥം മേയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. സന്തോഷഭരിതമായ ഒത്തുചേരലിന് എല്ലാവരും കാത്തിരിക്കുമ്പോള്‍ സുജിത്തിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് എത്തിയത്. ഭാര്യാസഹോദരിയുടെ വിവാഹത്തിലും സഹപാഠികളുടെ ഒത്തുചേരലിലും പങ്കെടുക്കാനായി നാട്ടിലേക്ക് തിരിക്കാനിരുന്ന സുജിത്തിനെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. മേയ് ആറിന് നാട്ടിലേക്ക് തിരിക്കാനായിരുന്നു പരിപാടി. മേയ് മൂന്നിന് ഹൃദയാഘാതം മൂലം സുജിത്ത് മരണമടഞ്ഞു.
സുജിത്തിന്റെ വിങ്ങിപ്പൊട്ടുന്ന ഓര്‍മകളുമായി കൂട്ടുകാര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നു. സംഗമത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കലും വൃക്ഷത്തൈ നടലും നടന്നു. സുജിത്തിന്റെ ഓര്‍മക്കായി പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് വാട്ടര്‍ ഫില്‍റ്റര്‍ സംഭാവന നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ. പ്രകാശന്‍, സി. ഉദയന്‍, ഷിംജിത്ത്, പി.കെ സംഗീത, സി.കെ ഗിരീഷ്, അഹമ്മദ് ബദര്‍, രഘുചന്ദ്രന്‍, കെ.എസ് റീന, സുഹില, ഷാജന, സംഘാടകസമിതി പ്രവര്‍ത്തകരായ ടി.കെ അഭിലാഷ്, കെ. പ്രീജ, സജിത്ത് കണ്ണാടിക്കല്‍ പ്രസംഗിച്ചു. സുജിത്തിന്റെ സ്മരണാര്‍ത്ഥം വി.എച്ച്.എസ്.ഇയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് എന്‍ഡോവ്മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.



