കോഴിക്കോട്: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 21 മുതല്‍ വിദ്യാലയങ്ങള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാരും അസുഖമുള്ളവരും ഒഴികെ എല്ലാവരും ക്ലാസില്‍ എത്തണമെന്നാണ് നിര്‍ദേശം. നാളെ സ്‌കൂളുകള്‍ തുറക്കുമെങ്കിലും ബാച്ചുകളായി ഉച്ചവരെയായിരിക്കും ഒരാഴ്ച ക്ലാസ്. പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നതിന് സ്‌പെഷല്‍ ക്ലാസുകള്‍ എടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും ബന്ധപ്പെട്ട വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും തീരുമാനം എടുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ പ്രവൃത്തിദിനങ്ങളിലും ക്ലാസ് ഉണ്ടാവും. ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും.
അതേസമയം, അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ച ചര്‍ച്ച നടക്കുന്നതിന് മുമ്പായി ക്ലാസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതില്‍ അധ്യാപക സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. വൈകുന്നേരം വരെ ക്ലാസ് എടുക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച പ്രവൃത്തിദിവസമാക്കുന്നത് ഒഴിവാക്കണമെന്ന് കെ.പി.എസ്.ടി.യു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പാഠഭാഗങ്ങള്‍ എടുത്തതീര്‍ക്കാന്‍ സമയം കിട്ടാതെ വരുമെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. അതേസമയം, ഫോക്കസ് ഏരിയ 60 ശതമാനത്തോളം വര്‍ധിപ്പിച്ച നടപടിയെചൊല്ലിയും വിവാദം തുടരുകയാണ്.



