സൂപ്പി വാണിമേല്‍
മംഗളൂരു:മത ചിഹ്നങ്ങള്‍ വിലക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് തലനാരിഴ കീറി നടപ്പാക്കുന്ന സംസ്ഥാനത്ത് പല സ്‌കൂളുകളിലും അദ്ധ്യയന വര്‍ഷം ഹോമവും പൂജയുമായി തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.തിങ്കളാഴ്ചയാണ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചത്.
ദക്ഷിണ കന്നട ജില്ലയില്‍ വിട്‌ളക്കടുത്ത പഡിബാഗിലുവിലെ വിദ്യാലയത്തില്‍ ഹോമമാണ് നടന്നത്.സുള്ള്യയിലെ പള്ളത്തടുക്ക ഹരിഹര സ്‌കൂളിലും ബെല്‍ത്തങ്ങാടി പൂഞ്ജലക്കട്ട സ്‌കൂളില്‍ ഹോമവും പ്രത്യേക പൂജയും ഒരുക്കി.
അദ്ധ്യാപികമാര്‍ ആരതി അര്‍പ്പിക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
ക്ലാസ്സ് മുറിയില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് ശിരോവസ്ത്രം വിലക്ക് ഉറപ്പു വരുത്താന്‍ 2022-23 അദ്ധ്യയന വര്‍ഷം പി.യു കോളജുകളിലും സ്‌കൂളുകളിലും യൂനിഫോം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കുടക് ജില്ലയിലെ വീരാജ്‌പേട്ടയില്‍ കാമ്പസില്‍ വെടിവെപ്പ് പരിശീലനം, പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച അദ്ധ്യായം നീക്കം ചെയ്യുകയും ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഗ്‌ഡെവാറിന്റെ പ്രസംഗം സിലബസില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത നടപടി തുടങ്ങിയവ വിവാദം ഉയര്‍ത്തുന്ന വേളയിലാണ് സ്‌കൂളുകളില്‍ ഹോമവും പൂജയും സംഘടിപ്പിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്.



