മംഗളൂരു: ഭയപ്പെടുത്തി ശിരോവസ്ത്രം അഴിപ്പിക്കാനോ ഓൺലൈൻ ക്ലാസുകളിലേക്ക് ഒതുക്കി കീഴ്പ്പെടുത്താനോ നോക്കേണ്ടെന്ന് ഉടുപ്പി ഗവ.പി.യു കോളജ് വിദ്യാർത്ഥിനികൾ.ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശവും വിദ്യാഭ്യാസ അവകാശ നിയമവും നിഷേധിക്കുന്നവരുടെ വിരൽത്തുമ്പിനൊപ്പം ചലിക്കേണ്ട ആവശ്യം സർക്കാർ കലാലയത്തിൽ ഇല്ലെന്ന് എട്ട് കുട്ടികളിൽ ഒരാളായ എ.എച്ച്.അൽമാസ് പറഞ്ഞു.
ആറ് കുട്ടികൾ കൊവിഡ് പോസിറ്റീവ് ആയെന്ന കാരണം പറഞ്ഞ് അടച്ചിട്ട കോളജ് വ്യാഴാഴ്ച തുറന്നപ്പോൾ ശിരോവസ്ത്രം ധരിച്ചു തന്നെയാണ് കുട്ടികൾ എത്തിയത്.ഇന്നും അതേ നില തുടർന്നു.എട്ട് കുട്ടികൾ ഓൺലൈൻ ക്ലാസിന് വഴങ്ങിയാൽ ഇതുവരേയുള്ള ഹാജർ നൽകാം എന്നായിരുന്നു കോളജ് വികസന സമിതി ചെയർമാൻ കൂടിയായ ബി.ജെ.പി നേതാവ് ഉടുപ്പി എം.എൽ.എ രഘുപതി ഭട്ട് മുന്നോട്ട് വെച്ച നിർദേശം.”താൻ ഉൾപ്പെടെ സയൻസ് വിദ്യാർത്ഥികളാണ്.ലബോറട്ടറി ക്ലാസ് നടക്കുന്ന സമയമാണിത്.ഓൺലൈനിൽ എന്ത് ലാബ് ?”-അൽമാസ് ആരാഞ്ഞു.
അധികൃതരെ പേടിച്ച് ഹിജാബ് ധരിക്കാത്ത നിരവധി കുട്ടികൾ തല മറക്കാൻ സന്നദ്ധമാവുന്നുണ്ടെന്ന് അൽമാസ് അവകാശപ്പെട്ടു.ഇത് മനസ്സിലാക്കിയാണ് കോളജ് അധികൃതർ തങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്.തങ്ങളുമായി പാഠഭാഗങ്ങൾ ചർച്ച നടത്തുകയും നോട്സ് കൈമാറുകയും ചെയ്യുന്ന വിദ്യാർത്ഥികളെ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് വിളിപ്പിച്ച് താക്കീത് നൽകുകയാണെന്ന് അൽമാസ് പറഞ്ഞു.



