കോഴിക്കോട് : ഇന്ത്യന്‍ ബഹുസ്വരതയുടെ ശക്തി തിരിച്ചയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അതിനെ തകർക്കുന്നവരെ തിരുത്തുന്നത് പുതിയ കാലത്ത് സ്വാതന്ത്ര്യ സമരമാണെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹനിക്കപ്പെടുന്ന പൗര സ്വാതന്ത്ര്യം എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ ദുര്‍ബലപ്പെടുത്തി അധികാരം കൈയാളുന്ന ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാക്കണം. രാജ്യത്തിന്റെ സവിശേഷത വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും ഇതാണ്. നിയമ നിര്‍മാണ സഭകളായ പാര്‍ലമെന്റിലും അസംബ്ലിയിലും പ്രതിപക്ഷ നേതാവ് എന്ന ഔദ്യോഗിക പദവികള്‍ പോലും വിമര്‍ശനങ്ങളും വിയോജിപ്പികളും എത്രമേല്‍ പ്രസക്തമാണെന്ന് ബോധ്യപ്പെടുത്തുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നീതിയല്ലന്നു ഉറപ്പുള്ളവരാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത്. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയുന്നതാണ് ചങ്കൂറ്റം. ഇന്ത്യയുടെ നിലനില്‍പ്പിന് ഇത് ആവശ്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഭരണ ഘടനയുടെ ആത്മാവിനെയാണ് ഭരണകൂടം തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു. ശബ്ദിക്കുന്നവരെ നിശബ്ദമാക്കുന്ന കാലം മുമ്പ് ഉണ്ടായിട്ടില്ല. അനവസരത്തില്‍ നിഴലുകളും വിവാദങ്ങളും പ്രചരിപ്പിച്ചു ആളെ കൊല്ലുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. സര്‍ക്കാരിന്റെ കോവിഡ് മാനേജ്മെന്റിനെ വിമര്‍ശിച്ചതിന്റെ പേരില്‍ 55 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് ജയിലുകളില്‍ കഴിയുന്നത്. നിഷ്‌ക്രിയത്വം വെടിഞ്ഞു പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും ഇ ടി തുടര്‍ന്നു.
രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി എന്നും ഹിജാബിന്റെയോ വേഷത്തിന്റെയോ പേരില്‍ ആയിരുന്നില്ല ഇതെന്നും സാഹിത്യകാരന്‍ പി കെ പാറക്കടവ് അഭിപ്രായപ്പെട്ടു. ഗോഡ്സെയുടെ ആദര്‍ശം പിന്‍പറ്റുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതും അത് നടപ്പിലാക്കുന്നതും. ആസാദി എന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളായി മാറുകയും വിമര്‍ശകരെ നിശ്ശബ്ദരാക്കുകയും ചെയ്യുമ്പോള്‍ മൗനം തുടരുന്നത് കുറ്റകരമാണെന്ന് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മനസ്സിലാക്കണം. ബഹറില്‍ മുസല്ലയിട്ടു നിസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വ്ശ്വസിക്കരുതെന്ന സി എച്ചിന്റെ വാക്കുകള്‍ ഇന്ന് പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സുശക്തമായ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഭരണകൂടം മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദമാക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ പറഞ്ഞു. മീഡിയാ വണ്‍ വാര്‍ത്താ വിതരണം തടഞ്ഞ സര്‍ക്കാര്‍ എന്ത് കാരണമാണിതിനെന്നു വ്യക്തമാക്കണം .
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിലെ ശിഹാബ് തങ്ങള്‍
ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു പ്രസംഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. സെക്രട്ടറി ടി.പി.എം ജിഷാന്‍ നന്ദി പറഞ്ഞു. സംസ്ഥാന ഭാരാഹികളായ മുജീബ് കാടേരി, അഷറഫ് എടനീര്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ സംബന്ധിച്ചു.



