കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു.പുറക്കാട്ടിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനിയിലൂടെയാണ് ഇര്‍ഷാദിന്റെതെന്ന് സ്ഥിരീകരിച്ചത്. ജൂലൈ 17നാണ് കടലൂര്‍ നന്തിയില്‍ മൃതദേഹം കണ്ടെത്തിയത്.
കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്.ജൂലൈ 16ന് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് താഴേക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സഘത്തില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂര്‍ നന്തിയില്‍ കണ്ടെത്തിയ മൃതദഹം ഇര്‍ഷാദിന്റെതാണെന്ന് കണ്ടെത്തിയത്.
ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ വയനാട് സ്വദേശി ഷെഹീല്‍, ജിനാഫ് പൊഴുതന സ്വദേശി സജീര്‍, പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവര്‍.
മെയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ടുപോയവരുടെ ഭീഷണി. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം പൊലിസിനെ അറിയിച്ചിരുന്നു.



