കോഴിക്കോട്: സ്‌കൂള്‍ വളപ്പില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫറോക്ക് ഗവ. ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വളപ്പിലാണ് 99 ജലാറ്റിന്‍ സ്റ്റിക്കുകളും 60 വയര്‍ തിരികളും രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ കണ്ടെത്തിയത്. ചെറുവണ്ണൂര്‍ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം 59 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിന് സമീപമാണ് ഇവ കണ്ടെത്തിയിരുന്നത്. ഇന്നലെ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 40 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൂടി കണ്ടെത്തുകയായിരുന്നു. ശുചീകരണം നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടകവസ്തുക്കള്‍ ആദ്യം കണ്ടെത്തിയത്. തമിഴ്നാട് വെട്രിവേല്‍ എക്സ്പ്ലോസീവ് നിര്‍മിച്ചവയാണ് ഇത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
സ്‌കൂള്‍വളപ്പിനെ മണ്‍കൂന നീക്കുന്നതിനിടെയാണ് ജലാറ്റിന്‍ സ്റ്റിക്ക് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്.ഇവ കസ്റ്റഡിയില്‍ എടുത്ത പൊലീസ് എക്സ്പ്ലോസീവ് ലൈസന്‍സ് ഉള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റി. കഴിഞ്ഞമാസം 11ന് തൊണ്ടയാട് ഒഴിഞ്ഞ പറമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ഈ കേസിലും വ്യക്തമായ തെളിവൊന്നും കിട്ടിയിട്ടില്ല. അതിനിടെയാണ് സ്‌കൂള്‍ വളപ്പില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.



