കോഴിക്കോട്: ഇ-പോസ് മെഷീന്‍ പണിമുടക്കിയ കാരണം സംസ്ഥാനത്ത് പല ജില്ലകളിലും റേഷന്‍ വിതരണം ഇന്ന് തടസ്സപ്പെട്ടു. സര്‍വര്‍ തകരാറ് കാരണം കഴിഞ്ഞ പത്ത് ദിവസം അരി വിതരണം ഉച്ചക്ക് മുമ്പും ശേഷവും എന്ന വിധത്തില്‍ ഏഴ് ജില്ലകളിലായി ക്രമപ്പെടുത്തിയിരുന്നു. അപ്പോള്‍ റേഷന്‍വിതരണം വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുകയും ചെയ്തു. സര്‍വര്‍ തകരാറ് പരിഹരിച്ചതിനുശേഷം ഇന്നലെ മുഴുവന്‍ റേഷന്‍കടകളും രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇ-പോസ് മെഷീന്‍ പണിമുടക്കിയത്. പലയിടത്തും ആളുകള്‍ വന്ന് തിരിച്ചുപോയി. ചില സ്ഥലങ്ങളിലെ കടകളില്‍ റേഷന്‍ വ്യാപാരികള്‍ സ്വന്തം നിലയ്ക്ക് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതേസമയം, സര്‍വര്‍ പ്രശ്‌നം പരിഹരിച്ചെന്നും ഇപ്പോഴുള്ളത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.



