കോഴിക്കോട് : മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ദിവസക്കാരനെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടി കൂടാത്തത് പോലീസ് ഒത്തുകളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ആരോപിച്ചു. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ദിനേശനെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ കേസിലെ പ്രതികള്‍ ഒളിവില്‍ താമസിക്കുന്നത് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസിലാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവും ഒന്നാം പ്രതിയുമായ അരുണിനെ ആരോഗ്യ വകുപ്പില്‍ നിന്നും പിരിച്ചു വിടണം പോലീസിന്റെ ഒത്താശയോടെയുള്ള ഡി.വൈ.എഫ്.ഐ – എസ്. എഫ്. ഐ ഗുണ്ടകളുടെ വിളയാട്ടമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നത്.പോലിസ് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് മുസ്്ലിംലീഗ് ജനറല്‍ സിക്രട്ടറി എം.ടി.അബ്ദുല്‍ ഗഫൂര്‍, മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിര്‍ കുട്ടമ്പൂര്‍, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മച്ചക്കുളം, കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഫീര്‍ ഈന്താട്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് മജീദ് പുന്നശ്ശേരി എന്നിവര്‍ ഫിറോസിനൊപ്പമുണ്ടായിരുന്നു.



