Tuesday, January 20, 2026

സുപ്രീംകോടതിയില്‍ സുപ്രധാനവിധി

Must Read

എല്ലാ സ്ത്രീകള്‍ക്കും
ഗര്‍ഭച്ഛിദ്രത്തിന് നിയമപരമായ അവകാശം

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് പരമോന്നത നീതിപീഠം. സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രം എല്ലാ സ്ത്രീകളുടേയും അവകാശമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിവാഹിതയെന്നോ അവിവാഹിതയെന്നോ ഉള്ള വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണെന്നും വിധിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്, സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട ചരിത്രവിധി പുറപ്പെടുവിച്ചത്.

അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ല. വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരം ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ നിയമം പ്രകാരം അവിവാഹിതര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നില്ല. ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തിലെ 3ബി എ ചട്ടത്തില്‍ പറയുന്ന ലൈംഗിക ആക്രമണത്തെ അതിജീവിച്ചവരുടെ ഗണത്തില്‍, ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായവരും ഉള്‍പ്പെടും. സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതാണ് ബലാത്സംഗത്തിന്റെ പൊതുവായ നിര്‍വചനം. ഭര്‍ത്താവിനാല്‍ ഇത്തരം ബന്ധത്തിനു വിധേയമാവുന്ന സ്ത്രീകളുണ്ട്. അവര്‍ ഗര്‍ഭിണികള്‍ ആവുന്നുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 വയസ്സുകാരി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും പങ്കാളി തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയില്ല.
പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച അവിവാഹിതരായ സ്ത്രീകള്‍, 2003ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി റൂള്‍സിന് കീഴിലുള്ള ഒരു ക്ലോസിലും ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. തുടര്‍ന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ കൂടാതെ എ.എസ് ബൊപ്പണ്ണ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ വിധി പറഞ്ഞത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img