കോഴിക്കോട് : ആവിക്കല്‍തോടില്‍ നിര്‍മ്മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനായി മണ്ണ് പരിശോധന നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തി നിര്‍ത്തിവെച്ചത് പുനരാരംഭിക്കാനാവാതെ കോര്‍പറേഷന്‍. ഈ മാസം മൂന്നിന് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഒരാഴ്ചത്തേക്ക് പ്രവൃത്തി നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. അതിനിടയില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അവരുടെ സമ്മതം വാങ്ങുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആവിക്കല്‍തോട് പരിസരത്ത് ബോധവല്‍ക്കരണം നടത്താനൊന്നും കോര്‍പറേഷന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ആവിക്കല്‍തോട് പരിസരത്തേക്ക് കാലുകുത്താന്‍ പോലും ബന്ധപ്പെട്ടവര്‍ ധൈര്യപ്പെടുന്നില്ല എന്നാണ് സൂചന.
അതേസമയം, മണ്ണ് പരിശോധന തടഞ്ഞതിന്റെ പേരില്‍ 280 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതും പരിസരവാസികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. എന്തുവന്നാലും സീവേജ് പ്ലാന്റ് നിര്‍മാണത്തെ എതിര്‍ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസില്‍ കുടുങ്ങിയ പലരും പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുക്കുകയാണ്. കേസിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി പദ്ധതിയോടുള്ള എതിര്‍പ്പ് കുറയ്ക്കുക എന്ന തന്ത്രമാണ് അധികൃതര്‍ പയറ്റുന്നത്. ദിവസം കഴിയുന്തോറും എതിര്‍പ്പിന്റെ മുന ഒടിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, കോതിയിലും പദ്ധതിക്കെതിരെ എതിര്‍പ്പ് രൂക്ഷമാണ്. കോതി പദ്ധതി എന്നാണ് പേരെങ്കിലും അഴീക്കലിലാണ് പ്രവൃത്തി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഇറങ്ങിപ്പോയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. യു.ഡി.എഫ് വിഷയത്തില്‍ ഇടപെടുന്നുണ്ട്. അഴീക്കലില്‍ ഞായറാഴ്ച നാട്ടുകാരുടെ യോഗം യു.ഡി.എഫ് വിളിച്ചുചേര്‍ത്തിയ്യുണ്ട്.
ജനുവരി 30നാണ് ആവിക്കല്‍തോടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെട നേതൃത്വത്തില്‍ മണ്ണ് പരിശോധന നടത്താന്‍ ശ്രമം നടന്നത്. ആലപ്പുഴയില്‍ നിന്നുള്ള ടീമിനെയാണ് ഇതിനായി കൊണ്ടുവന്നിരുന്നത്. പുലര്‍ച്ചെ നാലുമണിക്ക് സംഘം എത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് കാരണം നടന്നില്ല. പൊലീസ് ആളുകള്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ് നടത്തിയത് സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കി. 31ന് തീരദേശത്തെ മൂന്ന് വാര്‍ഡുകളില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെ വീണ്ടും മണ്ണ് പരിശോധനക്ക് ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് ഈ മാസം മൂന്നിന് നടന്ന യോഗത്തിലാണ് പ്രവൃത്തി ഒരാഴ്ചക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനമുണ്ടായത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയാണ് യോഗം വിളിച്ചുചേര്‍ത്തിരുന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് യോഗത്തില്‍ ധാരണയുണ്ടായിരുന്നുവെങ്കിലും അന്നുമുതല്‍ തന്നെ പൊലീസ് വീടുകള്‍ കയറിയിറങ്ങി വിവരം ശേഖരിക്കുകയാണുണ്ടായത്. ഏതായാലും സമരം ശക്തമായി തുടരാനാണ് നാട്ടുകാരുടെ തീരുമാനം.



