കോഴിക്കോട് : കോതിയിലും ആവിക്കല്‍തോടിലും നിര്‍മ്മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനായി മണ്ണ് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞതിനെതുടര്‍ന്ന് വെള്ളയില്‍ സംഘര്‍ഷാവസ്ഥ. രാത്രി വൈകി സമരസമിതിയും അസിസ്റ്റന്റ് കലക്ടറും തമ്മില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. നാളെ തീരദേശ ഹര്‍ത്താല്‍ നടത്താന്‍ സമരസമിതി തീരുമാനിച്ചു. ഇതിന് പിന്തുണ നല്‍കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് ് കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടിയില്ലെന്നും ജനവാസകേന്ദ്രത്തില്‍ ഇത്തരമൊരു പദ്ധതി പാടില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. അതിനിടെ നാട്ടുകാര്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തിയതായും പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ വെള്ളയില്‍ കൗണ്‍സിലര്‍ സൗഫിയ അനീഷിനെയും മറ്റ് എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതാണ് സംഘര്‍ഷാവസ്ഥക്ക് പ്രധാന കാരണം.
ഇന്നലെ രാവിലെ 10 മണി മുതലാണ് സംഭവങ്ങളുടെ തുടക്കം. എസ്.ടി.പി(സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ) സ്ഥാപിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനക്ക് പൊലീസ് സാന്നിധ്യത്തോടെയെത്തിയ സംഘത്തെ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതിനിടെ ഒരു ജെ.സി.ബി കൊണ്ട് പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞപ്പോള്‍ പൊലീസ് ഇടപെടുകയും കൗണ്‍സിലറെയും എട്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിടികൂടി കൊണ്ടു പോയത്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പ്രതിഷേധം ശക്തമായതോടെ മണ്ണ് പരിശോധനക്കെത്തിയ സംഘം ഇവിടെ നിന്നും മടങ്ങി.
രാവിലെ 10 മണിയോടെ കസ്റ്റഡിയിലെടുത്ത കൗണ്‍സിലറെയും മറ്റുള്ളവരെയും 3 മണി വരെ കസ്റ്റഡിയില്‍ വെച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ സൗഫിയ അനീഷിന് ബോധക്ഷയമുണ്ടാവുകയും ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഈ സമയത്തെല്ലാം വെള്ളയില്‍ പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ നിലയുറപ്പിച്ചിരുന്നു. ഒരു നിലക്കും പ്രദേശത്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ നിലയുറപ്പിച്ചത്. ഇതിനിടെ ഉച്ചയോടെ മണ്ണ് പരിശോധനക്കായി വീണ്ടും ഉദ്യോഗസ്ഥരെത്തിയത് പ്രകോപനമുണ്ടാക്കി.നാട്ടുകാര്‍ റോഡ് ഉപരോധിച്ച് സമരവും തുടങ്ങി.
എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചു. നാളെ രാവിലെ കലക്ടറുമായി സമരസമിതി ചര്‍ച്ച നടത്തുന്നുണ്ടെന്നും അത് വരെ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നീക്കവും ഉണ്ടാവില്ലെന്നും പൊലീസ് സമരക്കാരെ അറിയിച്ചു. എന്നാല്‍ വാഹനം ഇവിടെ നിന്നും കൊണ്ടു പോയാല്‍ മാത്രമെ പിരിഞ്ഞു പോകൂവെന്ന് നാട്ടുകാര്‍ പറഞ്ഞത് ഏറെ നേരം അനിശ്ചിതാവസ്ഥയുണ്ടാക്കി. രാത്രി വൈകും വരെ ഇവിടെ പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ സബ് കലക്ടര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരു നിലക്കും അനുവദിക്കില്ലെന്നും വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



