കാസർകോട്: സി.പി.എം ത്രിദിന ജില്ല സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മുതലാളിത്തം അമ്പേ പരാജയപ്പെട്ടുവെന്ന് എസ്.ആർ.പി പറഞ്ഞു.
എല്ലാവരും രക്ഷപ്പെട്ടെങ്കിൽ മാത്രമേ എല്ലാവർക്കും രക്ഷയുള്ളൂ എന്നതാണ് കൊവിഡ് അനുഭവം.ഈ അവസ്ഥയിൽ
ആഘോള പദ്ധതി ആവിഷ്കരിക്കാനും നടപ്പിലാക്കാനും മുതലാളിത്തം തയ്യാറായില്ല.
മഹാമാരി ഉപയോഗപ്പെടുത്തി ലാഭം വർധിപ്പിക്കാനാണ് മുതലാളിത്തം ശ്രമിച്ചത്.വാക്സിൻ സൗജന്യമായി നൽകാൻ വലിയ വിഭാഗം മുതലാളിത്ത രാഷ്ട്രങ്ങൾ തയ്യാറായില്ല.വലിയ വിഭാഗം സമ്പന്ന മുതലാളിത്ത രാജ്യങ്ങൾ വാക്സിൻ വാങ്ങി കുന്നുകൂട്ടി.
ശാസ്ത്ര, സാങ്കേതിക നേട്ടങ്ങളിലൂടെ കൈവരിച്ച സമൃദ്ധി നീതിപൂർവ്വം വിതരണം ചെയ്യാനാവാത്തത് തൊഴിലില്ലായ്മയും പട്ടിണിയും വർധിപ്പിക്കുന്നു.ആധുനിക കാലഘട്ടത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുതലാളിത്തത്തിനാവുന്നില്ലെന്ന് മാത്രമല്ല പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണ് കഴിയുന്നത്.
ആഗോള, ദേശീയ, സംസ്ഥാന സാഹചര്യങ്ങൾ ചർച്ചകൾക്ക് വിധേയമാക്കുന്ന ജനാധിപത്യ പ്രക്രിയയാണ് പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത്.അടുത്ത ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന്റെ കരട് അടുത്ത മാസം കീഴ്ഘടകങ്ങളിൽ ചർച്ചക്ക് തരും.ഭേദഗതികൾ നിർദ്ദേശിക്കാം.പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്കും ഭേദഗതികൾ നിർദ്ദേശിക്കാനാവും.
ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെ പാർട്ടി നയം തീരുമാനിക്കുന്നതും നേതാക്കളെ തെരഞ്ഞെടുക്കുന്നതും അംഗങ്ങളാണ്.എന്നാൽ ആഭ്യന്തര ജനാധിപത്യം ഇല്ലാത്ത പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും.ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസാണ് ബി.ജെ.പിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. കോൺഗ്രസിന്റെ അമിതാധികാര വാഴ്ച രാജ്യം അനുഭവിച്ചതാണ്.ഇപ്പോൾ ബിജെപി അത് തുടരുന്നു.അമ്മയും രണ്ടു മക്കളുമാണ് കോൺഗ്രസിൽ നേതാക്കളെ നിശ്ചയിക്കുന്നത്.നിശ്ചയമല്ല, നിയമനങ്ങളാണ്.
അവരുടെ ആഭ്യന്തര കാര്യം മാത്രമായി അതിനെ കാണാനാവില്ലെന്ന് എസ്.ആർ.പി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരൻ,ഇ.പി.ജയരാജൻ,പി.കെ.ശ്രീമതി,കെ.കെ.ശൈലജ, തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ആനത്തലവട്ടം ആനന്ദൻ,ടി.പി.രാമകൃഷ്ണൻ, കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ, കാസർകോട് ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കെ.പി.സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.കെ.വി.കുഞ്ഞിരാമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) കാസർകോട് ജില്ല പ്രസിഡണ്ടായിരുന്ന അംഗടിമുഗറിലെ എച്ച്.എ.മുഹമ്മദ് മാസ്റ്ററുടെ പേരും അനുശോചന പട്ടികയിൽ ഇടം നേടി.



