കോഴിക്കോട്: പന്നിയങ്കര വില്ലേജ് അതിര്‍ത്തിയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിച്ചു. നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമാകുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ത്തിവെച്ചതായിരുന്നു. അരക്കിണര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 30ഓളം വീടുകളിലാണ് ഇതിനകം സര്‍വേ നടത്തിയത്. പയ്യാനക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ജയഷീലയുടെ സഹായത്തോടെയാണ് സര്‍വേ നടന്നത്. ചെറുവണ്ണൂര്‍, കരുവന്‍തുരുത്തി, ബേപ്പൂര്‍ വില്ലേജുകളില്‍ നേരത്തെ സര്‍വേ നടന്നിരുന്നു. ഒരു ദിവസം 70 വീടുവരെ കവര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ കൂടുതല്‍ സമയമെടുത്താണ് സര്‍വേ നടന്നത്.
പല സ്ഥലത്തും മഞ്ഞക്കുറ്റികള്‍ അപ്രത്യക്ഷമായിരുന്നു. ഇവിടെയെല്ലാം വീട്ടുകാര്‍ സ്ഥാനം കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടന്നത്. പല വീടുകളില്‍ നിന്നും ആളുകള്‍ പ്രതിരോധവുമായി എത്തിയിരുന്നു. സംഘര്‍ഷം ഉണ്ടായിരുന്നില്ലെങ്കിലും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരായി. ഇതുകാരണം സര്‍വേ നടപടികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നു. ഒരു വീട്ടില്‍ തന്നെ അരമണിക്കൂറോളം സമയം വേണ്ടിവന്നു. പന്നിയങ്കരക്ക് പുറമെ കസബ, നഗരം വില്ലേജുകളിലും സര്‍വേ പൂര്‍ത്തിയാക്കാനുണ്ട്.
അതേസമയം, കേന്ദ്രത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമെ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗസ്ഥര്‍ ആശങ്കയോടെയാണ് കാണുന്നത്. പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇതുവരെയുള്ള സന്നാഹങ്ങള്‍ വെറുതെയാവും. കുറ്റികള്‍ സ്ഥാപിക്കാന്‍ വലിയ സാമ്പത്തിക ചെലവാണ് ഉണ്ടായത്.
കുറ്റികള്‍ സ്ഥാപിക്കുന്ന ആദ്യഘട്ടം മുതല്‍ പ്രതിഷേധം ശക്തമായിരുന്നു. ഓരോയിടത്തും ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.ഇതിന്റെ പേരില്‍ കേസുകളും നിലവിലുണ്ട്.



