മംഗളൂരു: സിന്ദൂരം ചാർത്തി കോളജിൽ എത്തിയ വിദ്യാർത്ഥിനി ക്ലാസിൽ പ്രവേശിക്കുന്നത് പ്രിൻസിപ്പൽ തടഞ്ഞു.വിവരം അറിഞ്ഞെത്തിയ ശ്രീരാമ സേന പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി ക്ലാസിൽ കയറ്റുകയും ചെയ്തു.
വിജയപുര ഇന്ത്യ കോളജ് പ്രിൻസിപ്പലാണ് വെള്ളിയാഴ്ച ക്ലാസിൽ കയറണമെങ്കിൽ സിന്ദൂരം മായ്ക്കളമെന്ന് പറഞ്ഞത്. മതചിഹ്നങ്ങൾ അണിഞ്ഞ് ക്ലാസിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതി നിർദേശം സിന്ദൂരത്തിന് ബാധകമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.എന്നാൽ കുട്ടി വഴങ്ങിയില്ല.പിന്നാലെ രക്ഷിതാക്കളും ശ്രീരാമ സേന പ്രവർത്തകരും കോളജിൽ എത്തി.പാരമ്പര്യ ശീലങ്ങളെ ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ അവർ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു.പൊലീസ് സംഘം കുതിച്ചു വന്നു.ഇതേത്തുടർന്ന് സിന്ദൂരം മായ്ക്കാതെ തന്നെ കുട്ടിക്ക് ക്ലാസിൽ പ്രവേശം അനുവദിച്ചു.പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്യണമെന്ന് ശ്രീരാമ സേന സ്ഥാപകൻ പ്രമോദ് മുത്തലിഖ് ആവശ്യപ്പെട്ടു.
ഖനപുര നന്ദ്ഘാർഡ് കോളജിൽ ഹിജാബ് വിരോധം പ്രകടിപ്പിക്കാൻ കാവിഷാൾ അണിഞ്ഞു വന്ന വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ക്ലാസിൽ കയറാൻ അനുവദിച്ചില്ല.അഴിക്കാൻ സന്നദ്ധമാവാത്ത കുട്ടികളെ തിരിച്ചയച്ചു.
അതേസമയം തുമകൂറു എംപ്രസ് കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ 20വിദ്യാർത്ഥിനികൾക്ക് എതിരെ പൊലീസ് കേസെടുത്തു.ഹിജാബ് വിലക്കിനെതിരെ നിരോധാജ്ഞ ലംഘിച്ച് കോളജ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.



