കാസര്‍കോട് :വയോജനങ്ങളുടെ ആശങ്കളും ആകുലതകളും പങ്കുവെച്ച് വയോസഭ. ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിലാണ് വയോസഭ സംഘടിപ്പിച്ചത്. റിട്ട. നാവികസേന കമാന്‍ഡര്‍ പ്രസന്ന ഇടയില്ലം പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ക്ഷേമകാര്യ ചെയര്‍മാന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. എങ്ങനെ വയോജനങ്ങളെ ചേര്‍ത്തു പിടിക്കാമെന്നും അവര്‍ക്കായി എന്തൊക്കെ തുടര്‍ പദ്ധതികള്‍ നടപ്പിലാക്കാമെന്നും വയോസഭയില്‍ ചര്‍ച്ച ചെയ്തു.
വയോജനങ്ങളെ സംരക്ഷിക്കുന്നവര്‍ അവരുടെ പ്രശ്നങ്ങള്‍ അറിയണം. അതിനായി അവര്‍ക്ക് കൃത്യമായ ട്രെയിനിംഗ് നല്‍കണം. വയോജനങ്ങളോടു സമൂഹം എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ മുതല്‍ പഠിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് അഭിപ്രായമുയര്‍ന്നു. ശാരിരികമായും മാനസികമായും സാമ്പത്തികമായും വേണ്ട സഹായങ്ങള്‍ വയോജനങ്ങള്‍ക്ക് നല്‍കണമെന്നും വയോസഭയില്‍ അഭിപ്രായപ്പെട്ടു. വയോജനങ്ങളെ സംരക്ഷിക്കാന്‍ വളരെ ബൃഹത്തായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വയോമിത്രം പരിപാടി എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കണമെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകള്‍ രൂപീകരിക്കണമെന്നും സഭയില്‍ നിര്‍ദേശിച്ചു.
ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ സി കെ ഷീബ മുംതാസ് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ അഡ്വ. എസ് എന്‍ സരിത, ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫെസിലിറ്റേറ്റര്‍ എച്ച് കൃഷ്ണ, കണ്‍സിലേഷന്‍ ഓഫീസര്‍ തോമസ് ടി തയ്യില്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുള്‍ റഹ്മാന്‍, വയോജന കൗണ്‍സിലര്‍ മെമ്പര്‍ ബാലകൃഷ്ണന്‍, സി.എല്‍ ഹമീദ്, കുഞ്ഞികൃഷ്ണന്‍, തമ്പാന്‍ മേലത്ത്, ഗംഗാധരന്‍, കെ.പി നാരായണന്‍, ഷൈനി, സിസ്റ്റര്‍ ജയ, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോയിസി സ്റ്റീഫന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.കെ ജയേഷ് നന്ദിയും പറഞ്ഞു.



