Tuesday, January 20, 2026

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി കേരള സവാരിക്ക് തുടക്കമായി

Must Read

തിരുവനന്തപുരം:ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് എന്ന പ്രത്യേകതയോടെ കേരള സവാരി പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പാക്കാനും ഓട്ടോടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേരള സവാരി ആരംഭിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് കേരള സവാരി ഓണ്‍ലൈന്‍ ടാക്സി സേവനം ഒരുക്കുന്നത്.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരിയിലൂടെ ഉറപ്പാക്കും. മറ്റ് ഓണ്‍ലൈന്‍ ടാക്സി സംവിധാനത്തിലേത് പോലെ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകില്ല. തിരക്കുള്ള സമയങ്ങളില്‍ മറ്റ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഒന്നര ഇരട്ടി വരെ ചാര്‍ജ് വര്‍ധിപ്പിക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിന്റെ ഗുണം യാത്രക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ ലഭിക്കാറുമില്ല.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. കേരള സവാരിയില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന തുക ഈ പദ്ധതിയുടെ നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്സ് ആയി നല്‍കാനും മറ്റുമാണ് തീരുമാനം. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ആപ്പ് സ്റ്റോറിലും വൈകാതെ ഇത് എത്തും.

ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുമായി ബന്ധപ്പെട്ട ഉയരുന്ന പ്രധാന പ്രശ്നം സുരക്ഷയുടേതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ സര്‍വീസ് ആയിരിക്കും കേരള സവാരിയെന്നാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. കേരള സവാരിയില്‍ അംഗമാകുന്ന ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും കൃത്യമായ പരിശീലനം നല്‍കുകയും ചെയ്യും.
അപകടമുണ്ടായാലോ അപകടസാധ്യത ശ്രദ്ധയില്‍പെട്ടാലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള പാനിക് ബട്ടണും ഈ ടാക്സികളില്‍ നല്‍കും. ഡ്രൈവര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ, യാത്രക്കാര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഡ്രൈവറോ അറിയില്ലെന്നതും പ്രത്യേകതയാണ്. ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഓപ്ഷന്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് പോലീസ് കണ്‍ട്രോള്‍ റൂമില്‍ കണക്ട് ആകുകയും ചെയ്യും.
സബ്സിഡി നിരക്കില്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി നടപ്പാക്കും. ഇതിനായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. അത് വിലയിരുത്തിയ ശേഷം കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരസഭ പരിധികളിലും ഒരുമാസത്തിനുള്ളില്‍ കേരള സവാരി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img