കോഴിക്കോട്: സംസ്ഥാനത്ത് നാലുലക്ഷത്തിലേറെ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് കിട്ടില്ല. കിറ്റി തയാറാവാത്തതും വിതരണത്തിന് സജ്ജമല്ലാത്തതുമാണ് കാര്‍ഡുടമകള്‍ പുറത്താകാന്‍ കാരണം. വെള്ള കാര്‍ഡുടമകളെയാണ് പ്രധാനമായും ഒഴിവാക്കുന്നത്. റേഷന്‍കടകളില്‍ ആവശ്യമുള്ളതിന്റെ 94 ശതമാനം കിറ്റുകള്‍ മാത്രമാണ് വിതരണത്തിന് എത്തിയത്. തുടക്കം മുതല്‍ ഇ-പോസ് മെഷീന്‍ പണിമുടക്കിയത് പ്രശ്നമായിരുന്നു. പിന്നീട് മെഷീന്‍ ശരിയായപ്പോള്‍ സഞ്ചിയില്ലാത്തതും കശുവണ്ടിപരിപ്പ്, ഉപ്പ്, തേയില എന്നിവ ഇല്ലാത്തതും പ്രശ്നമായി. മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്കുള്ള അരി വിതരണവും തടസ്സപ്പെട്ടു.
സംസ്ഥാനത്ത് 92 ലക്ഷം കാര്‍ഡുടമകളാണ് ഉള്ളത്. ഇതില്‍ 87 ലക്ഷം പേര്‍ക്കുള്ള കിറ്റാണ് ഇതിനകം വിതരണം ചെയ്തത്. 5 ലക്ഷത്തോളം കാര്‍ഡുടമകള്‍ കിറ്റ് വാങ്ങാന്‍ എത്തില്ല എന്ന കണക്കുകൂട്ടലാണ് അധികൃതര്‍ക്ക് ഉള്ളത്. അതിനാലാണ് ഓരോ ഷോപ്പിലും ആവശ്യമുള്ളതിന്റെ 94 ശതമാനം എത്തിച്ചത്.
നാളെ കൂടി വിതരണം ഉണ്ടാവും. ഏതെങ്കിലും ഷോപ്പില്‍ കിറ്റ് ഇല്ലാതെ വന്നാല്‍ അടുത്തുള്ള റേഷന്‍ഷോപ്പുകളില്‍ നിന്ന് കാര്‍ഡുടമകള്‍ക്ക് വാങ്ങാം. അങ്ങനെ വരുമ്പോള്‍ ആര്‍ക്കും കിറ്റ് കിട്ടാത്ത സാഹചര്യം ഉണ്ടാവില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. നാളെ ഏതെല്ലാം ഷോപ്പുകളിലാണ് കുറവുള്ളതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ നിരീക്ഷിക്കും. അതനുസരിച്ച് സംവിധാനം ഉണ്ടാക്കും.
അതേസമയം, കാര്‍ഡുടമകള്‍ കിറ്റിനുവേണ്ടി ഉത്രാടനാളില്‍ ഓടിനടക്കേണ്ടിവരും. റേഷന്‍കടകളില്‍ എത്തിച്ച കിറ്റുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്ന വാദമുയര്‍ത്തിയാണ് കിറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്. ഓണത്തിന് ശേഷം കടകള്‍ തുറക്കുമ്പോള്‍ കിറ്റുകള്‍ ബാക്കിയാവുകയാണെങ്കില്‍ വിതരണം ചെയ്യാന്‍ നിര്‍ദേശമുണ്ടാവും എന്നാണ് കടയുടമകള്‍ കരുതുന്നത്.



