കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേശീയ വിമാനക്കമ്പനി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി ശ്രീലങ്ക. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഒപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി കറന്‍സി അച്ചടിക്കാനും ശ്രീലങ്ക പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ശമ്പളം നല്‍കാന്‍ നോട്ട് അച്ചടിക്കാന്‍ നിര്‍ബന്ധിതനായെന്നും ഇത് രാജ്യത്തെ കറന്‍സിയെ സമ്മര്‍ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദിവസവും 15 മണിക്കൂര്‍ വൈദ്യുതി നിയന്ത്രണമുണ്ടാകും. രാജ്യത്ത് വെറും ഒരു ദിവസത്തെ പെട്രോള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണ്. വരാനിരിക്കുന്ന മാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. എല്ലാവരും ത്യാഗങ്ങളും വീട്ടുവീഴ്ചകളും ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതിനിടെ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് എല്ലാ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി ദേശീയ സമിതി രൂപവത്കരിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനകീയപ്രക്ഷോഭത്തെതുടര്‍ന്ന് മഹിന്ദ രാജപക്സെയ്ക്ക് പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് റനില്‍ വിക്രമസിംഗയെ തല്‍സ്ഥാനത്തേക്ക് നിയമിക്കാന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ തീരുമാനിച്ചത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം.



