സൂപ്പി വാണിമേൽ
മംഗളൂരു: ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിക്കുകയും ധരിക്കാനുള്ള അവകാശത്തിനായി ശബ്ദിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ഷിവമോഗ്ഗ ഷിറലകൊപ്പയിൽ 58 ഗവ.പി.യു കോളജ് വിദ്യാർത്ഥിനികളെ സസ്പെന്റ് ചെയ്തു.ശനിയാഴ്ച കോളജിൽ ചെന്നപ്പോൾ നിങ്ങൾ ഇപ്പോൾ ഈ കോളജിലെ വിദ്യാർഥികൾ അല്ലെന്നും സസ്പെന്റ് ചെയ്തതായും അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച കോളജിൽ വന്നപ്പോൾ ശിരോവസ്ത്രം അഴിക്കാതെ ക്ലാസിൽ കയറ്റില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.തങ്ങൾ പ്രതിഷേധിച്ച് ശബ്ദമുയർത്തി.വിദ്യാഭ്യാസ അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും കോളജിൽ എത്തിയിരുന്നു.ഈ പ്രതിഷേധത്തിന്റെ പേരിലാണ് സസ്പെൻഷൻ.
ഇന്നും തങ്ങൾ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയതായി വിദ്യാർത്ഥികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉടുപ്പി ജില്ലയിലെ രണ്ട് ഗവ.കോളജുകളിലെ വിദ്യാർത്ഥിനികൾ സമർപ്പിച്ച റിട്ട് ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിധിപറയൽ നീളുകയും ഹിജാബ് ഉൾപ്പെടെ മതചിഹ്നങ്ങൾ വിലക്കി കോടതി ഇടക്കാല വാക്കാൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ കർണാടകയിൽ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങുകയാണ്.ശനിയാഴ്ചയും നിരവധി വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിച്ചതിനാൽ ക്ലാസിൽ കയറാനായില്ല.ദാവൺഗരെ ഹരിഹർ എസ്.ജെ.വി.പി കോളജ്,ബല്ലാരി സരള ദേവി കോളജ് ,കൊപ്പൽ ഗംഗാവതി ഗവ.കോളജ് എന്നിവിടങ്ങളിൽ ഹിജാബ് ധരിച്ച കുട്ടികളെ കോളജ് അധികൃതർ തിരിച്ചയച്ചു.
*ഹിജാബ് അനുവദിക്കാൻ
യൂണിഫോം ഒഴിവാക്കി
സംസ്ഥാനത്ത് ആദ്യമായി ഒരു കോളജ് ഹിജാബ് ധരിക്കുന്ന കുട്ടികളുടെ കൂടി താല്പര്യം പരിഗണിക്കാൻ വികസന സമിതി നിർദേശിച്ച യൂനിഫോം ഉപേക്ഷിച്ചു.മൈസൂറുവിലെ സ്വകാര്യ കോളേജിന്റേതാണ് വേറിട്ട നടപടി.ഹിജാബ് ധരിക്കാതെ ക്ലാസിൽ കയറണമെന്ന അധികൃതരുടെ നിർദേശത്തിന് വഴങ്ങാത്ത നാലു വിദ്യാർത്ഥിനികൾ പ്രതിഷേധിച്ചിരുന്നു.
സ്ഥാപനത്തിൽ താൻ സന്ദർശനം നടത്തിയതായി മൈസൂറു പ്രി യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡി.കെ.ശ്രീനിവാസ മൂർത്തി പറഞ്ഞു.പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പല സംഘടനകളുടെയും പിന്തുണയുണ്ടെന്ന് മനസ്സിലായെന്ന് ഡി.ഡി.പി അറിയിച്ചു.




Good writing and good words