കോഴിക്കോട്: മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരില്‍ നഗരത്തില്‍ നിര്‍മിച്ച ഹാള്‍ നാടിന് നാണക്കേടാവുന്നവിധം ശോചനീയാവസ്ഥയില്‍. പലതവണ നന്നാക്കിയെടുക്കാന്‍ കോടികള്‍ മുടക്കിയിട്ടും വലിയ ഫലമൊന്നും ഉണ്ടായിട്ടില്ല. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തതും സൗണ്ട് സിസ്റ്റം കൃത്യതയില്ലാത്തതും പ്രശ്നമാണ്. ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതും ഹാളിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ജോലിക്കാര്‍ക്ക് ഷോക്കേറ്റത് വാര്‍ത്തയായിരുന്നു. ഇതിന്റെ ഫലമായി ഗോവ ഗവര്‍ണര്‍ ഇവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. സുരക്ഷാപ്രശ്നമായിരുന്നു കാരണം. ബാല്‍ക്കണിയിലെ ഇരിപ്പിടങ്ങള്‍ മിക്കതും തകര്‍ന്നുവീഴുന്ന നിലയിലാണ്. അതിന് പുറമെ കെട്ടിടത്തിന്റെ ചോര്‍ച്ചയും ബുദ്ധിമുട്ടായിരിക്കുകയാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്ത പരിപാടികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ടാഗോര്‍ഹാള്‍ വിട്ടുകൊടുക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഹാളിന് പുറത്ത് ഭക്ഷണവിതരണത്തിനും മറ്റും വിപുലമായ സംവിധാനമുണ്ട്. എന്നാല്‍ കലാപരിപാടികളും മറ്റും നടത്താന്‍ പുറത്ത് സംവിധാനമില്ല. ആയിരത്തോളം ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഹാളാണിത്. നഗരത്തില്‍ കോര്‍പറേഷന്‍ വകയായി ജൂബിലി ഹാളും ടൗണ്‍ഹാളും ആനക്കുളം സാംസ്‌കാരിക നിലയവും ഭട്ട് റോഡിലെ സമുദ്രഹാളുമാണ് പുറമെയുള്ളത്. ഇതില്‍ ജൂബിലി ഹാള്‍ അറ്റകുറ്റപണിയിലാണ്. ടൗണ്‍ഹാള്‍ മാത്രമാണ് കേടുകൂടാതെയുള്ളത്. അതാകട്ടെ എയര്‍ കണ്ടീഷണര്‍ ഒന്നുമില്ലാതെ പഴയമട്ടില്‍ കിടക്കുകയാണ്. സമുദ്രഹാളിന്റെ മേല്‍ക്കൂരയിലെ ഇരുമ്പുപാളികള്‍ കടല്‍ക്കാറ്റേറ്റ് ദ്രവിച്ച നിലയിലാണ്. അറ്റകുറ്റപണി പുരോഗമിക്കുന്ന കണ്ടംകുളം ജൂബിലിഹാള്‍ ആണ് ഒരു പ്രതീക്ഷ.നവംബറില്‍ പണി തീരുമെന്നാണ് കരുതുന്നത്. പാളയത്തെ ഗതാഗതകുരുക്ക് കടന്നുവേണം ഇവിടെയെത്താന്‍ എന്നത് മറ്റൊരു വൈതരണിയാണ്.
ടാഗോര്‍ഹാള്‍ നവീകരിക്കുന്നതിന് ഇതുവരെ കോടികള്‍ മുടക്കിയിട്ടുണ്ട്. 2018ല്‍ ഇരിപ്പിടങ്ങളെല്ലാം മാറ്റി.35ലക്ഷം രൂപ ഇതിന് ചെലവായി. ടോയ്ലറ്റ് നന്നാക്കാനും ഡൈനിങ്ഹാള്‍, സ്റ്റേജ് എന്നിവിടങ്ങളില്‍ ടൈല്‍സ് പാകാനും 20 ലക്ഷത്തോളം ചെലവായി. കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ ഇനിയും ആയിട്ടില്ല. കോണ്‍ക്രീറ്റ് മേല്‍ക്കൂര പലയിടത്തും പൊട്ടിവീഴുന്നുണ്ട്. കല്യാണത്തിന് ഒരുലക്ഷം രൂപയും കലാപരിപാടികള്‍ക്ക് 40,000 രൂപയുമാണ് വാടക. കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് വലിയ തുക വേണ്ടിവരും. ഈ വഴിക്കാണ് കോര്‍പറേഷനും ആലോചിക്കുന്നത്.



