കോഴിക്കോട്: അസത്യങ്ങള്‍ക്കൊപ്പം അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്ന രീതി പല മാധ്യമങ്ങളും തുടര്‍ന്നു വരികയാണെന്നും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്താന്‍ മാധ്യമരംഗത്തുള്ളവര്‍ തയാറാവണമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തത്സമയം- മീഡിയ പോട്ട് മാധ്യമ പുരസ്‌കാരങ്ങള്‍ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ജനാധിപത്യത്തിന് അനുസരണമായി മാത്രമാണോ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കപ്പെടണം.
വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും മൂടി വെക്കുന്നതും തിരസ്‌കരിക്കുന്നതും പതിവാണ്. ഓരോ മാധ്യമ സ്ഥാപനങ്ങളുടെയും താല്‍പര്യമനുസരിച്ചാണ് ഇതൊക്കെ നടക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും ഇല്ലാത്ത കാര്യങ്ങളെ പര്‍വതീകരിക്കുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. സാമൂഹിക മാധ്യങ്ങള്‍ കയറി വന്നതോടെ ഓരോ വ്യക്തിയും വാര്‍ത്താലേഖകനായി മാറുകയാണ്. ഇത് കണക്കിലെടുക്കേണ്ടതുണ്ട്. അസത്യമായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ പലര്‍ക്കും മുറിവേല്‍ക്കുന്നുണ്ട്. ആ മുറിവ് ഉണക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ. പറഞ്ഞുപോയ അസത്യം തിരുത്താന്‍ ആരും തയാറാവുന്നില്ല. അതുകൊണ്ടാണ് ആത്മപരിശോധന നടത്തണമെന്ന് പറയുന്നത്. ഇന്ന് മാധ്യമസ്ഥാപനങ്ങളും അതില്‍ പ്രവര്‍ത്തിക്കുന്നവരും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നത് വസ്തുതയാണ്. എല്ലാ മേഖലയിലും സ്വാര്‍ത്ഥത കടന്നുവരുന്നുണ്ട്.
നമ്മള്‍, ഞങ്ങള്‍ എന്ന ചിന്ത കൈമോശം വന്നു. പകരം ഞാന്‍, എനിക്ക് എന്ന ചിന്ത മാത്രമേയുള്ളു. അതിന്റെ കെടുതിയാണ് ഇന്ന് സമൂഹം അനുഭവിക്കുന്നതെന്നും മന്ത്രി റിയാസ് അഭിപ്രായപ്പെട്ടു.
മത്സരബുദ്ധി നിറഞ്ഞ ലോകത്ത് കുട്ടികളും വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെങ്കിലും വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുക വഴി സ്വയം ഇകഴ്ത്തപ്പെടുന്ന സാഹചര്യം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നില്ലേ എന്ന കാര്യത്തില്‍ ഗൗരവമേറിയ ആലോചന വേണമെന്നും ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു- ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.



